മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണം: മഹാരാഷ്ട്രയെ വിറപ്പിച്ച് വന്‍ കര്‍ഷക പ്രക്ഷോഭം
മുംബൈ: കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഗണിച്ച് കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ശക്തി പ്രാപിച്ച് മുന്നോട്ട്. ഇതിന്റെ ഭാഗമായി നടത്തുന്ന 30,000 കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്ന ആവശ്യത്തിന് പുറമെ, വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുയര്‍ത്തിയാണ് കര്‍ഷകര്‍ പ്രക്ഷോഭമാരംഭിച്ചത്.
സിപിഎമ്മന്റെ കര്‍ഷക സംഘടനയായ ആഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. വെള്ളിയാഴ്ച താനെയിലെത്തിയ മാര്‍ച്ചില്‍ കര്‍ഷകരുടെ പങ്കാളിത്തം പതിന്മടങ്ങായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിനം ശരാശരി 35 കിലോമീറ്ററാണ് കര്‍ഷക ജാഥ സഞ്ചരിക്കുന്നത്. സമരക്കാര്‍ മുംബൈയില്‍ എത്തിച്ചേരുമ്പോഴേക്കും ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിചേരുമെന്നാണ് കരുതുന്നത്.