എ ടി എം ഇടപാടുകള്‍ക്ക് ഫീസ്‌ ഇടാക്കരുത് എന്ന് ബാങ്കുകളോട് കേന്ദ്രം

ന്യൂഡല്‍ഹി : ബാങ്കിലൂടെ നോട്ട് പിന്‍വലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും ഫീസ് ഈടാക്കരുതെന്ന് കേന്ദ്രം. അതുപോലെ അക്കൌണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. എടിഎം ഇടപാടുകള്‍ കൂടിയാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടെന്നും കേന്ദ്രം നിലപാടെടുത്തു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനായിരുന്നു എസ്ബിഐയുടെ തീരുമാനം. നേരത്തേ, ബാങ്ക് വഴിയുള്ള പണമിടപാടുകള്‍ സൗജന്യമായി മൂന്നു തവണ മാത്രമേ ഉപയോഗിക്കാനാകുകയുള്ളെന്നും അധികമായി നടത്തുന്ന ഇടപാടുകള്‍ക്ക് 50 രൂപ സേവന നിരക്ക് ഏര്‍പ്പെടുത്തുമെന്നും ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതലായിരുന്നു പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്നാണ് അറിയിച്ചിരുന്നത്. സമാന നയമായിരുന്നു സ്വകാര്യ ബാങ്കുകളും സ്വീകരിച്ചിരുന്നത്. മൂന്നു തവണയില്‍ കൂടുതല്‍ പണമിടപാടുകള്‍ ബാങ്ക് വഴി നടത്തിയാല്‍ 150 രൂപ ഈടാക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ പലര്‍ക്കും തങ്ങളുടെ അക്കൌണ്ടില്‍ നിന്നും കാശ് വെറുതെ പോകുന്ന അവസ്ഥയാണ് ഇപ്പോള്‍. അക്കൌണ്ടില്‍ അധികം കാശ് കാണാത്ത സാധാരണക്കാര്‍ക്കാണ് ഇത്കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്.