ചൈനയുടെ ആ പരിപാടി ഇനി നടക്കില്ല; ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഭാഷ പഠിക്കുന്നു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിരന്തര ശല്യമുണ്ടാക്കുന്ന ചൈനീസ് സൈനികര്‍ക്ക് മുട്ടന്‍ പണി കൊടുക്കാനിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. പ്രശ്‌നമുണ്ടാകുമ്പോള്‍ ചൈനീസ് ഭാഷ പറഞ്ഞ് പലപ്പോഴും ഇന്ത്യന്‍ സൈനികരെ കുഴക്കാറുള്ള ചൈനയ്ക്ക് ഇനി അതങ്ങോട്ട് അത്ര എളുപ്പമാകില്ല. ഇന്ത്യന്‍ സൈന്യവും ചൈനീസ് ഭാഷ പഠിക്കാനൊരുങ്ങുകയാണ്. ചൈനീസ് ഭാഷ പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമെന്ന അടിസ്ഥാനത്തിലാണ് ഇന്ത്യ ഇതുനു വേണ്ട തയ്യാറെടുപ്പുകള്‍ സ്വീകരിക്കുന്നത്. അതേസമയം ഇന്ത്യയുടെ പുതിയ തീരുമാനം യുദ്ധസാഹചര്യങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ചൈന ഭയപ്പെടുന്നുണ്ട്.

25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ഒരു വര്‍ഷം നീളുന്ന ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുകയാണെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് കഴിഞ്ഞ മാസം പുറത്തുവിട്ടത്. മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് കോഴ്സ്. ഭാഷാനൈപുണ്യം സമാധാന കാലങ്ങളില്‍ ആശയവിനിമയം പരിപോഷിപ്പിക്കുമെങ്കിലും സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും പ്രതികൂലമാകുമെന്ന് ചൈന ഭയക്കുന്നതായി പിന്നാലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെട്ടു.

ഡോക്ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന്‍ സോങ് ഷോഹ്പിങും അഭിപ്രായപ്പെട്ടതായി ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മറു മരുന്നായി ചൈനീസ് സൈന്യം ഹിന്ദി പഠിക്കണമെന്ന അഭിപ്രായം ചൈനയില്‍ വ്യാപകമാണെന്നും സൂചനകളുണ്ട്.