അവസാനശ്വാസം വരെ കോണ്‍ഗ്രസില്‍ :ബിജെപിയിലേക്കില്ല- ആരോപണം തള്ളി സുധാകരന്‍
കണ്ണൂര്‍: താന്‍ ബിജെപിക്കൊപ്പം ചേരുമെന്ന തരത്തില്‍ നടത്തുന്ന പ്രചരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. അവസാന ശ്വാസം വരെ താനൊരു കോണ്‍ഗ്രസുകാരനായിരിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.
രാഷ്ട്രീയത്തില്‍ എന്തുതന്നെ സംഭവിച്ചാലും താന്‍ ബിജെപിയില്‍ ചേരില്ല. ഇടതുപക്ഷത്തിന്റെ പ്രചരണം ആരുടെയെങ്കിലും മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് തെറ്റായ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് തെളിവുകള്‍ നിരത്തി സംസാരിക്കുന്ന തനിക്ക് സിപിഎമ്മിനെപ്പോലെ വിസര്‍ജിച്ചത് കഴിക്കാന്‍ സാധിക്കില്ല. ബിജെപിയില്‍നിന്ന് ക്ഷണം ലഭിച്ചെന്ന് തുറന്നു പറഞ്ഞത് തന്റെ രാഷ്ട്രീയ ധാര്‍മികത മൂലമാണ്. മറ്റുള്ളവരെ അവരുടെ കൂടെ കൂട്ടുന്നതിന് ബിജെപി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അത് അവര്‍ എല്ലാ സംസ്ഥാനങ്ങളിലും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ചാക്കില്‍ കയറാന്‍ തന്നെ കിട്ടില്ല-സുധാകരന്‍ പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി സുധാകരന്‍ ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനു പിന്നാലെ, തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു സുധാകരന്‍ ടിവി ചാനലില്‍ വെളിപ്പെടുത്തിയതോടെയാണു വിവാദം തുടങ്ങിയത്
ജയരാജനും സിപിഎമ്മും നടത്തുന്ന പ്രചരണം കൊലപാതക രാഷ്ട്രീയം മൂലം ഒറ്റപ്പെട്ട സ്ഥിതിയില്‍നിന്ന് തിരിച്ചുവരാനുള്ള കുതന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയല്ലെങ്കില്‍ ഏതാണ് ഫാസിസ്റ്റ് പാര്‍ട്ടി. പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് സിപിഐ തന്നെ പറഞ്ഞിട്ടുണ്ട്. ഏകാധിപത്യം ഫാസിസ്റ്റ് രീതിയാണ്-സുധാകരന്‍ പറഞ്ഞു.