ജീസസ്സിനെ കുറിച്ച് മഹാത്മജി എഴുതിയ കത്ത് വിറ്റത് 50000 ഡോളറിന്!

പി പി ചെറിയാന്‍

പെന്‍സില്‍ വാനിയ: ലോകം ദര്‍ശിച്ച ഏറ്റവും മഹനീയ അദ്ധ്യാപകരില്‍ ഒന്നാം സ്ഥാനം ജീസ്സസിനാണെന്ന് വ്യക്തമാക്കി മഹാത്മജി എഴുതിയ കത്ത് വില്‍പന നടത്തിയത് 50000 ഡോളറിന്.

1926 ഏപ്രില്‍ 26 ന് അമേരിക്കന്‍ സുവിശേഷകന്‍ മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്റ്സിന് മഹാത്മജി ജീസസ്സിനെ കുറിച്ച് എഴുതിയ കത്താണ് പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള റാബ് കളക്ഷന്‍സ് വില്‍പനയ്ക്ക് വെച്ചിരുന്നത്.

ഗുജറാത്തിലെ സബര്‍ മതി ആശ്രമത്തിലിരുന്നാണ് മഹാത്മജി ഈ കത്ത് തയ്യാറാക്കിയത്. ജീസസ്സ് എന്നത് കാണപ്പെടാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണെന്നും മഹാത്മജി കത്തില്‍ ചൂണ്ടിക്കാട്ടി.

നിറം മങ്ങിയ ഈ കത്ത് സ്വന്തമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തുവാന്‍ റാമ്പ് വിസമ്മതിച്ചു. മതത്തെ കുറിച്ച് മഹാത്മജി എഴുതിയ ഏറ്റവും മനോഹരമായ കത്താണിതെന്നാണ് വില്‍പന നടത്തിയവര്‍ അവകാശപ്പെടുന്നത്.

ക്രിസ്റ്റാനിറ്റിയെ കുറിച്ചുള്ള ഒരു പ്രസിദ്ധീകരണം വായിച്ചു മറുപടി എഴുതണമെന്നാവശ്യപ്പെട്ട് യു എസ് സുവിശേഷകന്‍ മില്‍ട്ടന്‍ എഴുതിയ കത്തിന് ഗാന്ധിജി നല്‍കിയ മറുപടിയാണ് ഈ കത്തിന്റെ ഉള്ളടക്കം.