പിഎന്‍ബി തട്ടിപ്പില്‍ കുരുങ്ങി കെഎസ്ആര്‍ടിസിയും
രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കുടുങ്ങി കെ.എസ്.ആര്‍.ടി.സിയും. തട്ടിപ്പിനെത്തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായി.
ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാല വായ്പയായതിനാല്‍ ഇതിന് തിരിച്ചടവ് തുക കുറയുമായിരുന്നു. കടക്കെണി മൂലം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി അവസാന ശ്രമമെന്ന നിലയിലാണ് ബാങ്ക് കണ്‍സോഷ്യത്തിന്റെ വായ്പ എടുക്കാമെന്ന് കണക്കു കൂട്ടിയത്. മാര്‍ച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പി.എന്‍.ബി തട്ടിപ്പ് തിരിച്ചടിയായത്. കണ്‍സോഷ്യത്തിലെ പ്രധാന അംഗമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. കോടിക്കണക്കിന് രൂപ വായ്പാ തട്ടിപ്പില്‍ നഷ്ടമാവുകയും അതില്‍ അന്വേഷണവും നടപടികളും വരുന്ന സാഹചര്യത്തില്‍ മറ്റിടപാടുകള്‍ക്കെല്ലാം ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
3000 കോടിയില്‍ 750 കോടിയും കണ്ടെത്തി നല്‍കാമെന്നേറ്റിരുന്നതും പഞ്ചാബ് നാഷണല്‍ ബാങ്കാണ്. കണ്‍സോഷ്യം തലവന്‍ എസ്.ബി.ഐ ആണെന്നിരിക്കെ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പി.എന്‍.ബി കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.