പലരും പുറത്തു നിന്ന് കളി കണ്ടപ്പോള്‍ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട് മാത്രമെന്ന് ഹാദിയ; ഹാദിയയും ഷെഫിന്‍ ജഹാനും കോഴിക്കോടെത്തി
കോഴിക്കോട്: സുപ്രീം കോടതിയില്‍ നിന്നുള്ള അനുകൂല വിധിയെ തുടര്‍ന്ന് ഹാദിയയും ഷെഫിന്‍ ജഹാനും കോഴിക്കോടെത്തി.തുടര്പഠനത്തിനായി സേലത്തെ ഹോമിയോ ആശുപത്രിയില്‍ ഉള്ള ഹാദിയയെ ഷെഫിന്‍ ജഹാന്‍ ഇന്നലെ രാത്രിയോടെ ഒപ്പം കൂട്ടുകയായിരുന്നു. ഹാദിയക്ക് കോളേജ് മൂന്ന് ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. താന്‍ മുസ്‌ളീം മതം സ്വീകരിച്ചതിനാലാണ് ഇത്രയും വിവാദങ്ങളുണ്ടായതെന്ന് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ കോഴിക്കോട് എത്തിയ ഹാദിയയും ഷെഫിന്‍ജഹാനും പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ. അബുബക്കറിനെ സന്ദര്‍ശിച്ചു. നിയമ പോരാട്ടത്തില്‍ ഒപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി രേഖപ്പെടുത്താനാണ് ചെയര്‍മാന്‍ ഇ അബൂബക്കറിനെ സന്ദര്‍ശിച്ചതെന്ന് ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു
ഇപ്പോള്‍ തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് പറഞ്ഞ ഹാദിയ, തന്നെ സഹായിച്ചവരെ പോലും പലപ്പോഴും മറ്റ് മുസ്‌ലിം സംഘടനകള്‍ കുറ്റപ്പെടുത്തിയെന്ന് ആരോപിച്ചു. മുസ്ലിം ആയതിന് ശേഷം താന്‍ ആദ്യം മറ്റ് സംഘടനകളെയാണ് സമീപിച്ചത്. അവര്‍ തന്നെ സഹായിക്കാന്‍ തയ്യാറായില്ല. പിന്നെ സഹായിച്ചവരെ കുറ്റപ്പെടുത്തി. കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ട് തന്നെ സഹായിക്കാന്‍ തയ്യാറായില്ല? പുറത്തിരുന്ന് കളി കണ്ടുകൊണ്ട് അങ്ങനെയല്ല ഇങ്ങനെയാണ് വേണ്ടിയിരുന്നതെന്ന് പറയുകയായിരുന്നു മറ്റുള്ളവരെന്നും പറഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നാട്ടില്‍ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച ഷെഫിന്‍ ജഹാന്‍, തിങ്കളാഴ്ച വിശദമായ വാര്‍ത്താസമ്മേളനം നടത്തുമെന്നും പറഞ്ഞു.