മാര്‍ ആലഞ്ചേരിക്കെതിരെ വൈദിക ഗൂഢാലോചന എന്ന് വാഴക്കാല പള്ളി വികാരി ആന്റണി പൂതവേലില്‍

ഭൂമി വിഷയത്തില്‍ മാര്‍ ആലഞ്ചേരി്ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സഭയിലെ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയെന്ന് വാഴക്കാല സെന്റ് ജോസഫ് പള്ളി വികാരി ആന്റണി പൂതവേലില്‍. സഭാസമിതികള്‍ അറിഞ്ഞുകൊണ്ട് നടത്തിയ ഇടപാടുകളുടെ പേരില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ മാത്രം പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് വിമതരായ വൈദികര്‍ ഇപ്പോള്‍ സടത്തുന്നതെന്നു അദ്ധേഹം പറയുന്നു. അതുപോലെ മെഡിക്കല്‍ കോളേജിനായെടുത്ത കടം തീര്‍ക്കാനായി എറണാകുളം ജില്ലയിലെ അഞ്ചിടത്തെ സഭയുടെ ഭൂമികള്‍ വിറ്റത് സംബന്ധിച്ച രേഖകളില്‍ ഒപ്പിടുമ്പോള്‍ കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് ഇടപാടുകള്‍ക്ക് പണം ലഭിച്ചില്ലെന്ന അറിവുണ്ടായിരുന്നില്ലെന്ന് ഫാദര്‍ ആന്റണി പറയുന്നു. ഈ സ്ഥലങ്ങളുടെ വില്‍പന സംബന്ധിച്ച പതിനേഴ് ആധാരങ്ങള്‍ കൃത്യമായി പണം നല്‍കി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വകയിലാണ് ഒമ്പത് കോടിയോളം രൂപ ലഭിച്ചത്. പിന്നീടുള്ള ആധാരങ്ങളില്‍ ഒപ്പിടുമ്പോള്‍ ആലഞ്ചേരി പിതാവിന് പണം ലഭിച്ചിട്ടില്ലെന്ന അറിവുണ്ടായിരുന്നില്ല എന്നും ഫാദര്‍ പറയുന്നു.

പിതാവ് ഒരു വിദേശയാത്രയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് ഇടപാടുകള്‍ക്കായി ചുമതലപ്പെടുത്തിയ ഫാദര്‍ ജോഷി പുതുവ രേഖകളുമായെത്തുന്നത്. ഫാദര്‍ ജോഷി പറഞ്ഞതനുസരിച്ച് പിതാവ് രേഖകളില്‍ ഒപ്പുവെച്ചു. പിന്നീട്, വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഒപ്പിട്ടുനല്‍കിയ രേഖകള്‍ക്കുള്ള പണം ലഭിച്ചിട്ടില്ലെന്നറിയുന്നത്. സാബു വര്‍ഗീസ് അതുവരെ കൃത്യമായി പണം നല്‍കിയിട്ടുള്ള ഇടപാടുകാരനായതിനാല്‍, ജോഷിയച്ചനും ആ വിശ്വാസത്തിലായിരിക്കും പിതാവിന് മുന്നില്‍ രേഖകള്‍ നല്‍കിയത് എന്നും ആന്റണി പറയുന്നു. എന്നാല്‍, പിന്നീട് നോട്ട് നിരോധനം വന്നതോടെ പണം നല്‍കാന്‍ സമയം വേണമെന്ന് സാബു വര്‍ഗീസ് ആവശ്യപ്പെടുകയായിരുന്നു. ഇതു വിശ്വസിച്ച് പിതാവും കാത്തിരിക്കാന്‍ തയാറായി. ഈ പ്രതീക്ഷയില്‍ ഇക്കാര്യം സഭാസമിതികളെ അറിയിക്കാതിരുന്നതാണ് ആലഞ്ചേരിയ്ക്ക് സംഭവിച്ച വീഴ്ച എന്നും ഫാദര്‍ ആന്റണി പൂതവേലില്‍ പറയുന്നു. മാത്രുഭൂമി ന്യൂസ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.