നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെയുള്ള വിചാരണ ഉടന്‍ തുടങ്ങരുത് എന്ന് ദിലീപ്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെയുള്ള വിചാരണ നടപടികള്‍ ഉടനെ ആരംഭിക്കരുതെന്ന് നടന്‍ ദിലീപ്. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 14 ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈമാറാനാവില്ലെന്ന് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും നടിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് ഹര്‍ജി തള്ളിയിരുന്നത്.
എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി ദിലീപ് അടക്കം പന്ത്രണ്ടു പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.