ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേച്ചര്‍ മജോറിറ്റി ലീഡര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോളിനെ രണ്ടാം പ്രാവശ്യവും റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേച്ചറിലെ മജോറിറ്റി ലീഡറായി തെരഞ്ഞെടുത്തു. ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഡമോക്രാറ്റിക് കോക്കസ് രണ്ടാം പ്രാവശ്യവുംഈ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്.

ലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലുംഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസംഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആനി പോളാണ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത്. സ്റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യന്‍ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ അത് ഒപ്പിട്ടു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരവുമായി.

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) എന്ന സ്പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമാണ്.

ഇ- സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ലോക്കല്‍ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളാണ് പ്രവര്‍ത്തിച്ചത്.

‘അഡോപ്റ്റ് എ റോഡ്’ എന്ന പരിപാടിയിലൂടെ രണ്ടര മൈ ല്‍ നീളമുള്ള ന്യൂ ക്ലാര്‍ക്ക്സ്ടൗണ്‍ റോഡ് വര്‍ഷത്തില്‍ നാലു പ്രാവശ്യം വൃത്തിയാക്കുന്ന വോളണ്ടിയേഴ്സിനോടൊപ്പം കഴിഞ്ഞ നാലുവര്‍ഷമായി വ്രുത്തിയാക്കുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിയെന്നു മാത്രമല്ല മറ്റുള്ളവര്‍ക്ക് മാതൃകയുമാണ്.

ആനി പോളിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഡര്‍ഷിപ്പ് വര്‍ക്ക്ഷോപ്പ്, വിന്റര്‍ കോട്ട് ഡ്രൈവ് തുടങ്ങിയ പരിപാടികളും വിജയകരമായി നടത്തിവരുന്നു.

ഹെയ്ത്തിയിലെ ദുരന്ത സമയത്ത് ഏഷ്യന്‍ നഴ്സസ് അസോസിയേഷനോടൊപ്പം മെഡിക്കല്‍ മിഷനില്‍ പങ്കെടുത്തതും വളരെയധികം പ്രശംസ പിടിച്ചുപറ്റി.

ജനുവരി മാസത്തില്‍ തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു.

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിംഗ് ആന്‍ഡ് പബ്ലിക് വര്‍ക്ക്സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

നഴ്സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
ഭര്‍ത്താവ് പോള്‍. മൂന്നു മക്കള്‍