സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ പുതിയ ആല്‍ബം കാരുണ്യദീപം ഈസ്റ്ററിന്

വിയന്ന: ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന പ്രമുഖ സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ ഏറ്റവും പുതിയ ഭക്തിഗാന ആല്‍ബം ‘കാരുണ്യദീപം’ ഈസ്റ്ററിന് പ്രകാശനം ചെയ്യും. നിരവധി കലാപ്രതിഭകളെ അണിനിരത്തി ഫാ. വില്‍സണ്‍ തന്നെയാണ് കൂടുതല്‍ ഗാനങ്ങളുടെ സംഗീതവും, ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗ്രാമി വിജയിയായിട്ടുള്ള മനോജ് ജോര്‍ജ്, സിനിമ സംഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസ് (ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ഫെയിം), ലതിക ടീച്ചര്‍ (കാതോട് കാതോരം ഫെയിം), ലല്ലൂ അനൂപ്, പ്രദീപ് ടോം, ആന്‍ ആമി, റെക്കോര്‍ഡിസ്റ്റ് ജിസ്റ്റോ ജോര്‍ജ് തുടങ്ങിയവരുടെ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയവുമാണ് കാരുണ്യദീപം.

സാധാരണ സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്ന നിലവാരത്തില്‍ നിന്നും മാറി വളരെ ഉന്നത നിലവാരത്തിലാണ് ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നതെന്നും വ്യത്യസ്ത സംഗീതാനുഭവം പ്രതീക്ഷിക്കുന്നവര്‍ക്ക് കാരുണ്യദീപം മുതല്‍ക്കൂട്ടാകുമെന്നും ഫാ. വില്‍സണ്‍ പറഞ്ഞു. അതേസമയം സംഗീതത്തില്‍ കഴിവുള്ള അനാഥകുട്ടികളെ സഹായിക്കുക എന്ന പ്രഥമ ലക്ഷ്യം മുന്‍നിറുത്തിയാണ് ആല്‍ബം വിപണിയില്‍ എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദ് ഇലഞ്ഞിയാണ് ആല്‍ബത്തിന്റെ കോര്‍ഡിനേറ്റിംഗ് വര്‍ക്കുകള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. കാരുണ്യ മ്യൂസിക് പുറത്തിറക്കുന്ന ആല്‍ബത്തിന്റെ കോ-സ്പോണ്‍സര്‍മാര്‍ ഐ.പി.ആറും, പ്രോസി മീഡിയയുമാണ്. കേരളത്തിലും വിദേശത്തും സീഡികള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +918893252034, vinomecheril@gmail.com