കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച വിവാദഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരേയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഒന്നാം പ്രതി. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നാല് പേര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കര്‍ദിനാളിനെതിരെ കേസ് എടുക്കാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടി വിമത വൈദികവിഭാഗം ഇന്ന് കോടതിയില്‍ കോടതിലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമര്‍ശനമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കര്‍ദിനാള്‍ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.