കേട്ടത് ശരി തന്നെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു; പോകുന്നത് പക്ഷെ ബെംഗളൂരുവിലേക്കല്ല, ഈ ക്ലബ്ബിലേക്ക്

കേരള ബ്ലസ്റ്റേഴ്സ് വിടുന്ന മലയാളി താരം സി.കെ വിനീതിനെ സ്വന്തമാക്കാന്‍ ബംഗളൂരുവിനു പുറമെ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ എടികെയും രംഗത്ത്. വിനീതിനെ ടീമിലെത്തിക്കാന്‍ എടികെ ചരടുവലികള്‍ നടത്തുന്നതായാണ് സൂചന. ഇതിനായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായാണ് വിവിധ സ്പോട്സ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് സികെ വിനീത്. കഴിഞ്ഞ സീസണില്‍ ബംഗളൂരുവില്‍ നിന്നും ബ്ലാസ്റ്റേഴ്സിലെത്തിയ ശേഷം മികച്ച പ്രകടനം ടീമിനായി നടത്തിയെങ്കിലും,ഈ സീസണില്‍ വേണ്ടത്ര ശോഭിക്കാന്‍ വിനീതിനായില്ല. സീസണില്‍ നിര്‍ണായക ഗോളുകള്‍ ഉള്‍പ്പെടെ നാലു ഗോളുകള്‍ നേടിയെങ്കിലും മറ്റു മത്സരങ്ങളില്‍ പലതിലും വിനീതിന്റെ പ്രകടനം ദയനീയമായിരുന്നു. പന്തു നിയന്ത്രണത്തിലാക്കുന്നതിലും സഹതാരങ്ങള്‍ക്കു പാസ് നല്‍കുന്നതിലും മോശമായിരുന്ന താരം പലപ്പോഴും മൈതാനത്ത് വെറുതെ ഓടിക്കളിക്കുകയായിരുന്നു വിനീത്. ഇതോടെ വിനീതിനെതിരെ ആരാധകരും രംഗത്ത് വന്നു.

ഇതിന് പിന്നാലെയാണ് പ്രമുഖ കായിക മാധ്യമമായ ഗോള്‍ സി.കെ. വിനീത് ഈ സീസണു ശേഷം ഒഴിവാക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഐഎസ്എല്ലിലെ മറ്റു ടീമുകളുടെ ഫ്രാഞ്ചൈസികള്‍ക്ക് ട്രാന്‍സ്ഫര്‍ ഫീസ് ഒന്നുമില്ലാതെ തന്നെ വിനീതിനെ കൈമാറ്റം ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറാണെന്നാണ് ഗോള്‍ പുറത്തു വിട്ടത്. ഏതാണ്ട് ഒരു കോടി രൂപയോളമാണ് വിനീതിന്റെ സീസണിലെ വേതനം.