വികസനമെന്ന് വാതോരാതെ വിളിച്ചു കൂവുന്ന നേതാക്കള്‍ കാണുന്നുണ്ടല്ലോ ഈ ‘കാല്‍പാദങ്ങള്‍; ഇനിയും കണ്ടില്ലെന്നു നടിക്കരുത്

ബി.ജെ.പി സര്‍ക്കാറിനെ ഏറ്റവും സമ്മര്‍ദത്തിലാക്കിയ സമരമാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ. കഴിഞ്ഞ ദിവസം മുംബൈയിലത്തെിയ ജാഥയ്ക്ക് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പിന്തുണയാണ് ലഭിക്കുന്നത്. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്.

പതിനിരത്തോളം പേര്‍ മാത്രമായിരുന്നു ആദ്യദിനത്തില്‍ സമരത്തിന്റെ ഭാഗമായതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ സമരത്തിലേക്ക് കടന്നു വന്നു. സമരത്തില്‍ പങ്കെടുക്കുന്നവരില്‍ അധികവും പ്രായമായവരും സ്ത്രീകളുമൊക്കെയാണ്.

Image result for farmer march mumbai

ഊണും ഉറക്കവും ഇല്ലാതെ ഒരു ജനത ഭരണാസിരാകേന്ദ്രത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ കാല്‍പാദങ്ങളുടെ ചിത്രങ്ങള്‍ ഏവരെയും വേദനിപ്പിക്കുന്നതാണ്. ആ ചിത്രം അവരുടെ പ്രശ്നങ്ങള്‍ സൂക്ഷമമായി തന്നെ സംവേദനം ചെയ്യുന്നുണ്ട്.

അതേസമയം കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ താണെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്.

ഒരു ലക്ഷത്തോളം കര്‍ഷകരാണ് ലോങ് മാര്‍ച്ചില്‍ അണിചേരുന്നത്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കര്‍ഷക ജാഥ മുംബൈയിലെത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സമരക്കാര്‍ നിയമസഭാ മന്ദിരം ഉപരോധിക്കും. കൂടുതല്‍ സംഘടനകള്‍ സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.