പ്രതിഷേധ തീ ആളിക്കത്തിച്ച് കര്‍ഷക ജാഥ മുംബൈയില്‍; ഇന്ന് നിയമസഭാ മാര്‍ച്ച്

മുംബൈ: കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്ന ആവശ്യവുമായി മുപ്പതിനായിരത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തി. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഈ സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി.

സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണു പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അതിനിടെ ജലവിഭവ വകുപ്പു മന്ത്രി ഗിരിഷ് മഹാജന്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കിസാന്‍സഭയുടെ അഞ്ചു പ്രതിനിധികളെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ചയ്ക്കും അദ്ദേഹം ക്ഷണിച്ചു. കര്‍ഷക പ്രതിഷേധത്തിനു പിന്തുണയര്‍പ്പിച്ച് ശിവസേനയും എംഎന്‍എസും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രംഗത്തെത്തി.

തിങ്കളാഴ്ച രാവിലെ പതിനൊന്നിനായിരിക്കും നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുക. ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11നു സമരം ആരംഭിക്കുന്നതെന്നു കിസാന്‍ സഭ അറിയിച്ചു. നിലവില്‍ ഘാട്‌കോപറിനടുത്ത് രമാഭായ് നഗറിലെ മൈതാനത്തു തമ്പടിച്ചിരിക്കുകയാണു കര്‍ഷക സംഘം. ഇവിടെ പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും ആഘോഷമായാണു പ്രദേശവാസികള്‍ കര്‍ഷകരെ സ്വാഗതം ചെയ്തത്.

ഈ മാസം ഏഴിനു നാസിക്കില്‍ നിന്നാരംഭിച്ച കാല്‍നടജാഥയില്‍, മുംബൈയിലേക്കുള്ള 182 കിലോമീറ്റര്‍ ദൂരവും സ്ത്രീകളും മധ്യവയസ്‌കരും ഉള്‍പ്പെടെയുള്ളവര്‍ നടന്നാണെത്തിയത്. പൊരിവെയിലില്‍ പ്രതിദിനം നടന്നതു ശരാശരി 35 കിലോമീറ്റര്‍. ഓരോ പ്രദേശത്തുനിന്നും വന്‍തോതില്‍ ആളുകള്‍ റാലിയില്‍ ചേര്‍ന്നു.

ജാഥയെ അഭിസംബോധന ചെയ്ത ശിവസേന നേതാവ് ആദിത്യ താക്കറെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളമെന്ന ആവശ്യം ശിവസേനയുടേതു കൂടിയാണ് വെള്ളവും വൈദ്യസഹായവും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു പൊലീസും അറിയിച്ചു.

അതേസമയം ഏഴായിരത്തോളം പേര്‍ മാത്രമേ ജാഥയിലുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപിച്ചു. ഇതില്‍ അഞ്ഞൂറോളം പേര്‍ മാത്രമേ കര്‍ഷകരുള്ളൂ. ശേഷിക്കുന്നവര്‍ ഗോത്രവിഭാഗക്കാരാണ്. അവരുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.