ഭൂമി വിവാദം: പരിഹസിച്ചും, ഉപേദശിച്ചും പിസി ജോര്‍ജ്
ക്രിസ്തുവിന്റെ അനുയായികളെ എന്ന് വിളിച്ച് തുടങ്ങുന്ന ഫേസ് ബുക്ക് കുറിപ്പിലാണ് തെരുവില്‍ ജാഥയായി വിഴുപ്പലക്കാനിറങ്ങിയ അച്ഛന്മാരെ ഉള്‍പ്പടെ പി.സി. നിശിദമായി വിമര്‍ശിക്കുന്നത്. ജെറുസലേം ദേവാലയം കച്ചവടസ്ഥലമാക്കിയവരെ ചമ്മട്ടിക്കടിക്കുന്ന യേശുവിന്റെ ചിത്രമുള്‍പ്പടെയാണ് ഫേസ്ബുക്ക് കുറിപ്പ്.
അബദ്ധം അംഗീകരിച്ച ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി പിതാവിനോട് ക്ഷമിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന പി.സി. പതിവില്‍ നിന്നും വ്യത്യസ്തമായി ബൈബിള്‍ വാക്യങ്ങളും ഉദ്ദാഹരണങ്ങളുമായാണ് വിമര്‍ശനം നടത്തുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
”ക്രിസ്തുവിന്റെ അനുയായികളെ..
വൈദികരെ, സഭാ വിശ്വാസികളെ…
ഒരു വിശ്വാസി എന്ന നിലക്ക് എനിക്കും അതുപോലെ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഏറെ പ്രാധാന്യമുള്ള ആഴ്ചകളിലൂടെയാണ് നാം കടന്ന് പോകുന്നത്. ചമ്മട്ടി അടിയേറ്റും, ആണികളാല്‍ തറക്കപെട്ടും, കുന്തത്താല്‍ കുത്തപ്പെട്ടും ലോകരക്ഷക്കായി സ്വജീവന്‍തന്നെ നമുക്കായി ബലികഴിച്ച ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം നമ്മുടെ ജീവിത പാതകളെ നേര്‍വഴിക്കു നയിക്കാന്‍ തക്കവണ്ണം സമരിക്കപെടേണ്ടദിനങ്ങളാണ് അടുത്തുവരുന്നത്.
എറണാകുളം അതിരൂപതയില്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഈ നോമ്പ് മാസത്തില്‍ തന്നെ ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പരസ്പരം നിലമറന്നു നടത്തുന്ന പോര്‍വിളികള്‍ ഏറെ ലജ്ജ ഉളവാക്കുന്നതാണ്. എളിമയും, ദാരിദ്രവും, ക്ഷമാശീലവും കൈമുതലാക്കി മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ചാവറയച്ചന്റെയും, അല്‍ഫോന്‍സാമ്മയുടെയും, കുഞ്ഞച്ചന്റെയും പിന്‍തലമുറക്കാര്‍ അധികാര വടംവലികളിലും സ്വത്ത് തര്‍ക്കത്തിലും ഏര്‍പ്പെട്ട് ഇളിഭ്യരാകുന്നത് കാണുമ്പോള്‍ ഒരു വിശ്വാസി എന്ന നിലക്ക് സമൂഹത്തിന് മുന്നില്‍ തൊലിയുരിഞ്ഞ്, തലകുനിച്ച് നില്‍ക്കേണ്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്.
വിശുദ്ധ ഗ്രന്ഥത്തിന്റെയും, യേശു ക്രിസ്തുവിന്റെ ജീവിത മാതൃകയും അടിസ്ഥാനമാക്കി സുവിശേഷ ദര്‍ശനങ്ങളിലൂടെ വിശ്വാസിയുടെ ആത്മീയ ജീവിതം പരിപോഷിപ്പിക്കാന്‍ നിയോഗിക്കപെട്ടവര്‍ അത് മറന്ന് അധികാരങ്ങള്‍ക്കായും, കച്ചവട താത്പര്യങ്ങാള്‍ക്കായും തെരുവില്‍ പോരടിക്കുന്നത് കാണുമ്പോള്‍ തകരുന്നതെന്തെന്ന് ഇക്കൂട്ടര്‍ ആത്മവിചിന്തനം നടത്തുന്നത് നന്നായിരിക്കും. ജെറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടവാറിനടിച്ചോടിച്ച യേശു ക്രിസ്തുവിനെയാണ് നിങ്ങള്‍ സ്മരിക്കേണ്ടതെന്ന് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
സഭാ വിശ്വാസികളെ… നിങ്ങളെ പോലെ തന്നെ യേശു ക്രിസ്തുവും കോപിഷ്ടനായതായി ബൈബിളില്‍ പരാമര്‍ശിക്കുന്നത് ഒരേ ഒരു വേളയിലാണ്. അത്, തന്റെ പിതാവിന്റെ ആലയത്തെ ‘കച്ചവടസ്ഥലമാക്കി’ മാറ്റിയവര്‍ക്കു നേരെയാണ്.
എന്നാല്‍, സൂര്യനസ്തമിക്കുന്നതിനു മുന്നേ കോപം ശമിച്ചതായും അവരോട് രമ്മ്യപ്പെട്ടെന്നും വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നു.
അബദ്ധം സംഭവിച്ചെന്ന് സഭാ പിതാവ് തന്നെ തുറന്ന് പറയുമ്പോള്‍ വീണ്ടും അതിന്മേല്‍ നടത്തുന്ന വിഴുപ്പലക്കലുകള്‍ നമുക്ക് എന്ത് നേടിത്തരുമെന്ന് നാമും വിലയിരുത്തുക.
തന്നെ തള്ളി പറഞ്ഞ ശിഷ്യനോടും,
ഈ ലോകത്തിന് ചിന്തിക്കുവാന്‍ കഴിയുന്നതിനുമപ്പുറം വേദനകള്‍ നല്‍കിയും, നിന്ദിച്ചും, കുരിശില്‍ തറച്ചവര്‍ക്കുമായി ‘ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ’ എന്ന് പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിച്ച യേശു ക്രിസ്തുവിന്റെ അനുയായികളായ ഏവര്‍ക്കും ഇതെല്ലാം ക്ഷമിക്കുവാനും, പൊറുക്കുവാനും മനസ്സുണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം ആഗ്രഹിക്കുന്നു.
നോമ്പ് കാലം തീര്‍ന്ന്, ഉയിര്‍പ്പിന്റെ ഓര്‍മ്മ ദിവസത്തിലേക്കെത്തുമ്പോള്‍ തെറ്റുകള്‍ തിരുത്തിയും, പരസ്പരം ക്ഷമിച്ചും പുതിയൊരു ഉണര്‍വ്വോടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന സഭയും, സഭാവിശ്വാസികളുമായി തീരട്ടെയെന്ന് ആശംസിക്കുന്നു.
പി.സി. ജോര്‍ജ്ജ്”