ഭൂമി ഇടപാട് ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

കൊച്ചി : വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരിക്കും കര്‍ദിനാളിനും മറ്റ് രണ്ട് വൈദികര്‍ക്കും ഇടനിലക്കാരനുമായ സാജു വര്‍ഗീസിനുമെതിരെ പോലീസ് കേസെടുക്കുക. കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പോലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിമയനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പോകാന്‍ പോലീസ് അവസരം നല്‍കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമര്‍ശനമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കര്‍ദിനാള്‍ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. എന്നാല്‍ തനിക്കെതിരെ കേസെടുക്കാന്‍ വിധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് വിവരം.