തേനി കാട്ടുതീ;പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണസംഖ്യ ഉയര്‍ന്നേക്കും
തമിഴ്നാട് കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ഇതുവരെ 10 പേര്‍ മരിച്ചതായാണ് വിവരം. തീപിടുത്തമുണ്ടായ സ്ഥലത്ത് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരില്‍ നിന്നും ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായയിടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്താല്‍ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം.
കാട്ടുതീ ഉണ്ടായ സമയത്ത് ആകെ 37 പേരാണു കാട്ടിലുണ്ടായിരുന്നതെന്നാണു പ്രാഥമിക സൂചന. രാത്രി വൈകി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇതുവരെ 19 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ ഒന്‍പതു പേരെ നിസ്സാര പരുക്കുകളോടെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്.ഗുരുതര പൊള്ളലേറ്റവരാണു മരിച്ചതെന്നറിയുന്നു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു.
പരുക്കേറ്റ ആശുപത്രിയില്‍ കഴിയുന്നവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചര്‍ച്ച നടത്തി.
രക്ഷാ പ്രവര്‍ത്തനം അസാധ്യമായിടത്താണ് അപകടമുണ്ടായത്.അതിനാല്‍ വ്യോമസേനയുടെ സഹായത്തോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് നടക്കുന്നത്. നാലു ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഒപ്പം 10 കമാന്‍ഡോകളും മെഡിക്കല്‍ സംഘവും രാവിലെ ഇവിടെയെത്തും. കാട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാന്‍ഡോ സംഘം.