ഞങ്ങളുടെ മതംമാറ്റം ആര്‍ക്കും ഒരു വിഷയമായിരുന്നില്ല; ഞങ്ങള്‍ക്കത് പുനരുജ്ജീവനമായിരുന്നു-എ ആര്‍ റെയ്ഹാന

”ഞങ്ങളുടെ മതംമാറ്റം അന്ന് ആര്‍ക്കും ഒരു വിഷയമായിരുന്നില്ല” പറയുന്നത് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ സഹോദരിയും സംഗീതജ്ഞയുമായ എ.ആര്‍ റെയ്ഹാനയാണ്. ”വിമര്‍ശിക്കാന്‍ പോലും ആരുമില്ലാത്തവിധം ഒറ്റപ്പെട്ടുപോയ കുടുംബമായിരുന്നു ഞങ്ങളുടേത്.തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഞങ്ങള്‍ക്ക് മതംമാറ്റം ഒരു പുനരുജ്ജീവനമായിരുന്നു” റെയ്ഹാന കൂട്ടിച്ചേര്‍ക്കുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ മതം മാറ്റത്തെക്കുറിച്ചും, മതം മാറ്റത്തിന്റെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങളെക്കുറിച്ചും റെയ്ഹാന മനസ് തുറന്നത്.

‘ അപ്പയുടെ രോഗത്തിന്റെ കാഠിന്യവും ദാരുണമായ അന്ത്യവും മുപ്പത് വയസ്സ് തികഞ്ഞിട്ടില്ലാത്ത അമ്മയെ വൈകാരികമായി തളര്‍ത്തിക്കളഞ്ഞിരുന്നു. കൈയില്‍ പറക്കമുറ്റാത്ത ഞങ്ങള്‍ നാലുകുഞ്ഞുങ്ങള്‍. ഭര്‍ത്താവിന് അസുഖമാണെന്നറിഞ്ഞതുമുതല്‍ അമ്മ നേരാത്ത വഴിപാടുകളില്ല, ചെയ്യാത്ത പൂജകളില്ല. ഒടുവില്‍ എല്ലാം വ്യര്‍ഥമായി കലാശിച്ചു. ഈ വൈകാരിക പ്രതിസന്ധിയില്‍ അമ്മയ്ക്ക് അത്താണിയായത് ഒരു സൂഫിവര്യന്റെ സമാശ്വാസ വചനങ്ങളാണ്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് അവര്‍ ആത്മീയ മാര്‍ഗത്തില്‍ ആണ്ടുമുങ്ങി.’ – റെയ്ഹാന പറഞ്ഞു.

മതം മാറ്റം അമ്മയുടെ സ്വന്തം നിലയിലുള്ള താത്പര്യമായിരുന്നു. മക്കളെ ഒന്നിനും അമ്മ നിര്‍ബന്ധിച്ചില്ലെന്നും റെയ്ഹാന കൂട്ടിച്ചേര്‍ത്തു. ചിന്തിക്കാന്‍ പ്രായമായപ്പോള്‍ ഞാനും ദിലീപും (റഹ്മാന്‍) ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ ഏത് വിശ്വാസത്തിലേക്കെന്ന് തീര്‍ച്ചയാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. കുടുംബത്തിലെ ചില പ്രതിസന്ധികളില്‍ മുന്നോട്ടുപോകാന്‍ അമ്മയുടെ ഗുരുവായ ആചാര്യന്റെ ഉപദേശങ്ങള്‍ തുണയായി എന്നും ഒടുവില്‍ അതൊരു ആത്മീയ വിളിയായി തോന്നിയെന്നും അവര്‍ പറഞ്ഞു.

‘ അപ്പയുടെ വിയോഗം കഴിഞ്ഞ് പതിനഞ്ചു വര്‍ഷത്തിനുശേഷം ഞങ്ങളെല്ലാം സൂഫിസത്തിന്റെ വഴി പ്രാപിച്ചു.’ – അവര്‍ കൂട്ടിച്ചേര്‍ത്തു.