നടിയെ ആക്രമിച്ച സംഭവം ; രഹസ്യ വിചാരണയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യവുമായി നടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണം എന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചു., വനിത ജഡ്ജിയുടെ നേതൃത്വത്തില്‍ രഹസ്യ വിചാരണ നടത്തണം എന്നാണ് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് വേണ്ടി ഒരു പ്രത്യേക അഭിഭാഷകനും ഇന്ന് കോടതിയില്‍ ഹാജരായി.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉള്ള സാഹചര്യത്തില്‍ മറ്റൊരു അഭിഭാഷകര്‍ നടിയ്ക്കായി ഹാജരാകേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ആക്രമിക്കപ്പെട്ടയാള്‍ ക്ക് സ്വന്തമായി അഭിഭാഷകനെ വെക്കാനുള്ള അവകാശമുണ്ടെന്ന് നടിക്കായി ഹാജരായ വക്കീല്‍ വ്യക്തമാക്കി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങള്‍ തുടങ്ങികഴിഞ്ഞു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകളും രേഖകളും ദിലീപിന് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. മെഡിക്കല്‍ രേഖകളും ഇതിലുള്‍പ്പെടും. കേസില്‍ ഇതുവരെയായി രണ്ട് കുറ്റപത്രങ്ങള്‍ ആണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്.
ആദ്യത്തെ കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയും സംഘവും മാത്രം ആയിരുന്നു പ്രതികള്‍. എന്നാല്‍ അനുബന്ധ കുറ്റപത്രത്തില്‍ ആണ് ദിലീപിനെ കൂടി പ്രതിയാക്കിയിട്ടുള്ളത്. ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ഇത് പ്രകാരം ചുമത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ 413 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആണിത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്റെ വാദം. നേരത്തെ ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ പോലീസ് ചില തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു. അതിന് ശേഷം ആയിരുന്നു ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയത്. എന്നാല്‍ ആ തെളിവ് എന്താണെന്ന കാര്യം ഇപ്പോഴും പൊതുസമൂഹത്തിന് അറിയില്ല. ദിലീപിന് കൈമാറിയിട്ടില്ലാത്ത, പോലീസ് പുറത്ത് വിട്ടിട്ടില്ലാത്ത ആ തെളിവ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ആണ് മലയാളികള്‍ ഇപ്പോള്‍.