കൂടുതല്‍ വിദേശ താരങ്ങളില്ല; സൂപ്പര്‍ കപ്പില്‍ കലിപ്പ് തീര്‍ക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
ഐഎസ്എല്ലില്‍ കലിപ്പ് തീര്‍ക്കാന്‍ പറ്റാത്തതിന്റെ കട്ടക്കലിപ്പുമായാണ് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനൊരുങ്ങുന്നത്.കഴിവുറ്റ നിരവധി പ്രാദേശിക താരങ്ങളെ ടീമിലെത്തിച്ചിട്ടുമുണ്ട്. ഇനി വേണ്ടത് മത്സരത്തില്‍ നിര്‍ണ്ണായക റോള്‍ വഹിക്കുന്ന വിദേശ താരങ്ങളെയാണ്. പക്ഷെ അവിടെ ബ്ളാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിഎന്നാണ് ലഭിക്കുന്ന വിവരം. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായിരുന്ന പല പ്രധാന വിദേശതാരങ്ങളും ക്ലബുപേക്ഷിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരിക്കുന്നത്.
ഇതോടെ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ അഞ്ച് വിദേശതാരങ്ങളുടെ സേവനം മാത്രമാണ് ലഭിക്കുക. സൂപ്പര്‍കപ്പില്‍ അഞ്ച് വിദേശ താരങ്ങള്‍ക്കാണ് ഒരേസമയം കളത്തിലിറങ്ങാന്‍ അനുമതിയുളളത്. കൂടുതല്‍ വിദേശ താരങ്ങളെത്തതിനാല്‍ ബ്ലാസ്റ്റേഴ്സിന് ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും.
പരിക്കേറ്റ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ ആണ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ആദ്യം മടങ്ങിയത്. നിലവില്‍ താരത്തിന് സ്‌പെയിനില്‍ നിന്നുംചെക്ക് റിപ്പബ്ലിക്കില്‍ നിന്നെല്ലാം ഒഫറുകളുണ്ട്. അതിനാല്‍ തന്നെ സൂപ്പര്‍ കപ്പില്‍ താരം തിരിച്ചെന്നുന്നത് കണ്ടറിയണം.
ഐസ്ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണ്‍ സൂപ്പര്‍ കപ്പിന് മുമ്പ് ടീം വിട്ടേക്കും. ഐസ്ലന്‍ഡിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സ്ജാര്‍നന്‍ എഫ് സി താരമായ ഗുഡ്ജോണ്‍ മാര്‍ച്ച് 31 വരെ ലോണിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഏപ്രില്‍ അവസാനം ഐസ്ലന്‍ഡിലെ ഫുട്ബോള്‍ ലീഗ് തുടങ്ങാനിരിക്കേ, ഗുഡ്ജോണ്‍ നാട്ടിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരമായിരുന്ന ദിമിറ്റര്‍ ബെര്‍ബറ്റോവ് നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. മറ്റൊരു വിദേശതാരമായിരുന്ന ഇയാന്‍ ഹ്യൂമാകട്ടെ പരിക്കിന്റെ പിടിയിലാണ്.താരം സൂപ്പര്‍കപ്പില്‍ കളിക്കുമോയെന്ന കാര്യം സംശയവുമാണ്.
ഇതോടെ അഞ്ച് വിദേശതാരങ്ങള്‍ മാത്രമുള്ള അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഒതുങ്ങും. പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, നെമാഞ്ച ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ തുടങ്ങിയവരാണ് ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍.
അതേസമയം പുതിയ വിദേശതാരങ്ങളെ വാങ്ങുന്ന കാര്യത്തില്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല.അതുകൊണ്ടുതന്നെ ആരാധകര്‍ ആശങ്കയിലാണ്.