സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ; എം എല്‍ എമാരുടെ ശമ്പളവും കൂടും
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയത്തും എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം.ശമ്പളപരിഷ്‌കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കര്‍ നിയമിച്ചിരുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണ ബില്ലിന് രൂപം നല്കിയത്. എന്നാല്‍, കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചല്ല ബില്‍ തയ്യാറാക്കിയിട്ടുള്ളത്. മന്ത്രിമാരുടെ ശമ്പളം ഒരുലക്ഷത്തി മുപ്പത്തേഴായിരമായി വര്‍ധിപ്പിക്കാനായിരുന്നു കമ്മീഷന്‍ ശുപാര്‍ശ. എന്നാല്‍, പ്രതിഷേധം ഭയന്നു ഇത്രയും വലിയ വര്‍ധന ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.