മഹാരാഷ്ട്രയില്‍ കര്‍ഷക പ്രേമം, കേരളത്തില്‍ കര്‍ഷക ദ്രോഹം
കീഴാറ്റൂരില്‍ തെളിയുന്നത് സി.പി.എം. ന്റെ ഇരട്ട മുഖം. മഹാരാഷ്ട്രയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് തുടങ്ങിവെച്ച കര്‍ഷക സമരം ഏറ്റെടുത്ത് ലോങ്ങ് മാര്‍ച്ചിന് നേതൃത്വം കൊടുത്ത സി.പി.എം, അവര്‍ ഭരിക്കുന്ന കേരളത്തിലെത്തുമ്പോള്‍ കര്‍ഷകരോടുള്ള സമീപനത്തിലുള്ള വ്യതിയാനം ചെറുതായി കാണാവുന്നതല്ല. കര്‍ഷകര്‍ പങ്കെടുത്ത ജാഥയുടെ ഫോട്ടോകളും, സഹനസമരത്തില്‍ പാവപെട്ട കര്‍ഷകര്‍ കാല്‍നടയായി മുംബൈ വരെയെത്തുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കേരളത്തിലെ സഖാക്കള്‍ ആവേശപൂര്‍വ്വം വിവരിച്ച് തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുമ്പോള്‍, ഭരണം കയ്യിലുണ്ടായിട്ടും ഇവിടെ കേരളത്തിലെ കര്‍ഷകരോട് സ്വീകരിക്കുന്ന സമീപനം കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സി.പി.എം. ന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാന്‍ അവസരമൊരുക്കുകയാണ്.
സി.പി.എം. ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ 250 ഏക്കര്‍ നെല്‍വയല്‍ നികത്തി ബൈപാസ് പണിയുന്നതിനെ എതിര്‍ത്ത് പ്രദേശ വാസികള്‍ ആരംഭിച്ച സമരപന്തലിനരികെ 100 ഓളം വരുന്ന പോലീസ് അണിനിരന്നത്, സമര സമിതി പ്രവര്‍ത്തകര്‍ക്ക് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിരോധം സൃഷ്ട്ടിക്കേണ്ടി വന്നു. പോലീസിനെ ഉപയോഗിച്ച് ബലമായി സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. സമരത്തിന് നേതൃത്വം നല്‍കുന്ന മുന്‍ സി.പി.എം. പ്രവര്‍ത്തകനായ സുരേഷും കൂടെ മറ്റൊരാളുമാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കയ്യില്‍ തീപെട്ടിയുമായി പ്രതിഷേധിക്കുന്നത്. ഇതറിഞ്ഞ് സമരപ്പന്തലിലേക്ക് കൂടുതല്‍ ആളുകള്‍ എത്തി ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി ചര്‍ച്ചക്കായുള്ള ശ്രമവും നടക്കുന്നുണ്ട്.