കീഴാറ്റൂര്‍ സമരം: സിപിഎമ്മിനെ വിമര്‍ശിച്ച് പിസി ജോര്‍ജ് ;മഹാരാഷ്ട്രയിലെ കമ്മ്യുണിസമല്ല കീഴാറ്റൂരില്‍
കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തെ, പോലീസിനെയും,പാര്‍ട്ടിക്കാരെയും അണിനിരത്തി അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ, നന്ദിഗ്രാമും, സിങ്കൂരും ഓര്‍മിപ്പിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ.
മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക സമരത്തിന്റെ വിജയകഥ സൈബര്‍ പോരാളികള്‍ വഴി സമൂഹമാധ്യമങ്ങളില്‍ പാടിനടന്ന് വോട്ട് ലക്ഷ്യം വെച്ചവര്‍, കീഴാറ്റൂരിലെ കര്‍ഷകരുടെ ആവശ്യത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.സി.ജോര്‍ജ് ആരോപിക്കുന്നു.
മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ വാഴ്ത്തിപ്പാടിയവര്‍ കേരളത്തിലെ കര്‍ഷകരിലേക്കും, കര്‍ഷക തൊഴിലാളികളിലേക്കും കീഴാറ്റൂരിലേക്കും ഒരിക്കലെങ്കിലും കണ്ണ് തുറന്ന് നോക്കണമെന്നും, ഉപജീവനത്തിനായി ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പോയവനെ ഇതേ വയല്‍ നികത്തലിന്റെ പേര് പറഞ്ഞ് കൊടികുത്തി കൊന്ന കേരളത്തിലാണ് 250 ഏക്കര്‍ നെല്‍വയല്‍ നികത്തിയുള്ള വികസന മാമാങ്കത്തിനായി കര്‍ഷകരെ ഓടിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ഇരട്ട മുഖത്തെ തുറന്നു കാട്ടുന്നുവെന്നും പി.സി ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
”250 ഏക്കര്‍ നെല്‍വയല്‍ നികത്തി ഒരു ഗ്രാമത്തിലെ ജനങ്ങളെയും, കര്‍ഷക തൊഴിലാളികളെയും കര്‍ഷകരെയും മറന്ന് എന്ത് വികസനമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ത്രിപുരയിലെ തോല്‍വിയുടെ ആഘാതം മഹാരാഷ്ട്രയിലെ കര്‍ഷകരെ ചൂണ്ടിക്കാണിച്ച് പി.ആര്‍. സഖാക്കള്‍ നിര്‍വൃതിയടയുന്നത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കണ്ടു.
സമരവുമായി മുംബൈയിലേക്ക് കാല്‍നടയായി വന്ന പാവപെട്ട കര്‍ഷകരുടെ കാല്‍പാദങ്ങളെയും, ചെരുപ്പിനെയും കേരളത്തിലെ പാര്‍ട്ടിയുടെ പി.ആര്‍. വിദഗ്ദ്ധര്‍ വോട്ട് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ട് വൃത്തിയായി വിപണനം നടത്തുന്നത് കണ്ടു. എനിക്ക് വളരെ എളിമയോടെ പറയാനുള്ളത്, എന്തെങ്കിലും ചോദിക്കുമ്പോള്‍ പോളണ്ടിലൊട്ടും, ചൈനയിലേക്കും, മഹാരാഷ്ട്രയിലേക്കും നോക്കൂ എന്ന് പറയുന്ന സംസ്‌കാരം മാറ്റി കര്‍ഷകരോട് ഒരല്‍പം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിങ്ങള്‍ കേരളത്തിലെ കര്‍ഷകരിലേക്കും, കര്‍ഷക തൊഴിലാളികളിലേക്കും കീഴാറ്റൂരിലേക്കും ഒരിക്കലെങ്കിലും കണ്ണ് തുറന്ന് നോക്കണം.
കേരളത്തിലെ ഭരണമെന്ന അധികാരം കര്‍ഷകനെയും കര്‍ഷകത്തൊഴിലാളികളെയും കാണുന്നതില്‍ നിന്ന്, നിങ്ങളുടെ കാഴ്ച്ച മറക്കുന്നെങ്കില്‍ നന്ദിഗ്രാമും, സിങ്കൂരുമെല്ലാം എന്താണ് നേടിത്തന്നതെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മഹാരാഷ്ട്രയിലെ കര്‍ഷകരെ മാത്രം നമുക്ക് സ്‌നേഹിച്ചാല്‍ പോരാ, നമ്മുടെ നാട്ടിലെ കര്‍ഷകരെയും നമുക്ക് വേണം. ഉപജീവനത്തിനായി ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പോയവനെ നികത്തലിന്റെ പേര് പറഞ്ഞ് കൊടികുത്തി കൊന്ന നാടാണിത്. അപ്പോഴാണ് 250 ഏക്കര്‍ നെല്‍വയല്‍ നികത്തിയുള്ള വികസന മാമാങ്കത്തിനായി കര്‍ഷകരെ ഓടിക്കുന്നത്. എന്തൊരു വിരോധാഭാസവും, ഇരട്ടമുഖവുമാണിത്!
ഇന്നവര്‍ നിലനില്‍പ്പിനായി ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, നാളെയവര്‍ എന്തെങ്കിലും കടുത്ത തീരുമാനത്തിലേക്കെത്തുന്നതിനുമുന്‍പ് അവരോടൊപ്പം നിലകൊള്ളുക.
മഹാരാഷ്ട്രയിലേതുപോലെയല്ല.
കേരളം ഭരിക്കുന്നത് നിങ്ങളാണ്, അതുകൊണ്ട് തന്നെ തീരുമാനം എടുക്കേണ്ടവരും നിങ്ങള്‍തന്നെ.
പഴിക്കാന്‍ മറ്റൊരു ഭരണകൂടം ഇവിടെയില്ല”