പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു.76 വയസായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് പ്രസ്താവനയിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. മോട്ടോര്‍ ന്യൂറോണ്‍ രോഗബാധയെത്തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു പോയതിനെത്തുടര്‍ന്ന് വീല്‍ ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഹോക്കിംഗിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്നു.
1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17-ആം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡിരോഗം ഹോക്കിങ്ങിനെ ബാധിക്കുന്നത്.