ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി ‘ന്യൂനമര്‍ദ മഴ’ എത്തി; മഴ ഇന്നും തുടരും; ശക്തമായ കാറ്റിനു സാധ്യത

തിരുവനന്തപുരം: കനത്ത ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തെമ്പാടും മഴയെത്തി. വിവിധ ജില്ലകളില്‍ കഴിഞ്ഞ രാത്രിയിലും പുലര്‍ച്ചെയുമായി ചെറിയ തോതില്‍ മഴ ലഭിച്ചപ്പോള്‍, തെക്കന്‍ ജില്ലകളിലെ ചില ഇടങ്ങളില്‍ ശക്തമായ മഴയും ലഭിച്ചു. ശ്രീലങ്കയ്ക്കു സമീപം ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി രൂപാന്തരപ്പെടുന്നതിനിടെയാണ് മഴയെത്തിയത്.

അതിതീവ്ര ന്യൂനമര്‍ദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എങ്കിലും കടലില്‍ ശക്തമായ കാറ്റിനും വന്‍ തിരമാലകള്‍ക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇതിനു മുന്‍ കരുതലെന്നോണം സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കോമോറിന്‍ – മാലദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകരുതെന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും മല്‍സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും,മാധ്യമങ്ങള്‍ വഴിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ തിരമാലകള്‍ക്കു സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. രാത്രിയോടെ ന്യൂനമര്‍ദ പാത്തി തിരുവനന്തപുരത്തുനിന്നു തെക്കുപടിഞ്ഞാറു ദിശയില്‍ 300 കിലോമീറ്റര്‍ വരെ അടുത്തെത്തി വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നുമാണു മുന്നറിയിപ്പ്.