ഷുഹൈബ് വധം: സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു; സര്‍ക്കാരിന് ആശ്വാസം

കൊച്ചി: കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

കേസില്‍ സിബിഐ അന്വേഷണം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈമാസം 23-ന് കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

മട്ടന്നൂര്‍ എടയന്നൂരില്‍ 2018 ഫെബ്രുവരി 12നാണു ഷുഹൈബ് കൊല്ലപ്പെട്ടത്. മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് ബി.കെമാല്‍പാഷയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലയ്ക്കു പിന്നിലെ വന്‍ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ‘ബ്രെയിന്‍ വാഷ്’ ചെയ്തു ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണെന്നും ഇതിന് അറുതിയുണ്ടാകണം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഫലപ്രദമായ അന്വേഷണം സിബിഐക്കു മാത്രമേ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.