കായലില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; കൊന്നത് മകളുടെ കാമുകനെന്ന് പോലീസ്;പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനിയായ ശകുന്തളയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ശകുന്തളയുടെ മകളും പ്രതി സജിത്തുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതി സജിത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മകളുടെ പ്രണയബന്ധത്തെത്തുടര്‍ന്ന് ശകുന്തളയും സജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ്
കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശകുന്തളയുടെ മകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജഡം മറവുചെയ്യാന്‍ സഹായിച്ച സജിത്തിന്റെ സുഹൃത്തുക്കളെയും പൊലീസ് തിരിച്ചറിഞ്ഞു.അതേസമയം, കൊലപാതകം നടത്താന്‍ കൂട്ടുനിന്നില്ലെന്നും വീപ്പയ്ക്കുള്ളില്‍ ജഡമാണെന്ന് തിരിച്ചറിയാതെയാണ് മറവുചെയ്തതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

2016 സെപ്തംബറില്‍ കാണാതായ ശകുന്തളയുടെ ജഡം ജനുവരി ഏഴിനാണ് കുമ്പളം കായലിനടുത്ത് കണ്ടെത്തുന്നത്.കായലിലൂടെ വീപ്പ ഒഴുകിനടന്ന വീപ്പ മത്സ്യത്തൊഴിലാളികളാണ് കരയ്ക്ക് എത്തിച്ചത്. വീപ്പയ്ക്കുള്ളില്‍ നിന്ന് നെയ്യും ദുര്‍ഗന്ധവും വന്നതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പൊലീസ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്.