തമിഴ് റോക്കേഴ്‌സ് അഡ്മിനും സംഘവും പോലീസ് പിടിയില്‍ ; അറസ്റ്റിലയത് സംഘത്തിലെ മുഖ്യകണ്ണികള്‍
സൌത്ത് ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെ പേടി സ്വപ്നമായ സംഘം അവസാനം പോലീസിന്റെ പിടിയില്‍. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സിന്‍റെ പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു(24), ഡി വി ഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്. ടി എന്‍ റോക്കേഴ്സ് ,ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വിവിധ സിനിമകള്‍ പൈറസി ചെയ്ത് ടോറന്റ് സൈറ്റ് ആയ തമിള്‍ റോക്കേഴ്‌സ്.ഇന്‍, തമിള്‍റോക്കേഴ്‌സ്.എസി, തമിള്‍റോക്കേഴ്‌സ്,എംഇ തുടങ്ങി പത്തൊമ്പത് ഡൊമൈനുകളില്‍ സിനിമകള്‍ അപ്ലോഡ് ചെയ്ത് കോടികള്‍ ആണ് ഇവര്‍ സ്വന്തമാക്കിയത്.
തിയറ്ററില്‍ റിലീസ് ആകുന്ന സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുസരിച്ച് വിവിധ അഡ്വെര്‍ടൈസിങ് ഏജന്‍സി മുഖേന ഇവര്‍ക്ക് പണം ലഭിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഉദ്ദേശം ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷംരൂപ വരെയാണ് മാസവരുമാനം.ഒരു ഡോമൈന്‍ ഏതെങ്കിലും രീതിയില്‍ ബ്ലോക്ക് ആയാല്‍ ഉടന്‍ തന്നെ മറ്റൊരു ഡോമൈനില്‍ സിനിമകള്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി നിരവധി ഡോമൈനുകള്‍ ശേഖരിച്ചാണ് കുറ്റകൃത്യം നടത്തുന്നത്. തമിഴ് റോക്കേഴ്സ് ഉടമയായ കാര്‍ത്തിയുടേയും മറ്റും അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടിയിലധികം രൂപയുടെ വരുമാനം സിനിമാപൈറസി മുഖേന സമ്പാദിച്ചിട്ടുണ്ട്. തമിഴ്നാട് വില്ലുപുരം കേന്ദ്രമാക്കി കാര്‍ത്തിയുടെ വീടാണ് തമിഴ്റോക്കേഴ്സിന്റെ പ്രവര്‍ത്തനകേന്ദ്രം. ഇത് കൂടാതെ വലിയ പൈറസി മാഫിയതന്നെ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയുമാണ്.