ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ; യു പിയില്‍ ബിജെപിക്ക് തിരിച്ചടി ; മാധ്യമങ്ങളെ തടയുന്നു ; സഭയില്‍ പ്രതിപക്ഷ ബഹളം
ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തില്‍ പോലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിലായിരുന്ന ബിജെപിയെ മറികടന്ന് എസ്പി സ്ഥാനാര്‍ഥിക്കാണ് ഇപ്പോള്‍ ലീഡ്. അതിനിടെ വോട്ടെണ്ണലിന്റെ തത്സമയ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗൊരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. ഗൊരഖ്പുര്‍ ജില്ലാ മജിസ്ട്രേറ്റിന്റേതാണ് നടപടി. മണ്ഡലത്തിലെ മുഴുവന്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമെ തങ്ങള്‍ പ്രഖ്യാപനം നടത്തുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേലയുടെ വാദം.
ബിജെപിയുടെ സിറ്റിങ് സീറ്റായ ഗോരഖ്പൂരില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത് ശുക്ലയെക്കാള്‍ 1523 വോട്ടിന്റെ ലീഡാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ചിരുന്ന മണ്ഢലമാണ് ഗോരഖ്പൂര്‍. അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോരഖ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും ബിജെപി തിരിച്ചടി നേരിടുകയാണ്. സമാദ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നാഗേന്ദ്ര പ്രതാപ് സിങ് 12231 വോട്ടുകള്‍ക്കാണ് ഫുല്‍പൂരില്‍ മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ എട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേല്‍ രണ്ടാം സ്ഥാനത്താണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍.