പൊലീസിന് വീണ്ടും വിമര്‍ശനം: കേരളത്തിലെ വാഹനാപകട കേസുകളില്‍ അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതി. വാദിയാണ് കേസുകളില്‍ പൊതുവില്‍ പോലിസ് ഇടപെടല്‍ മൂലം പ്രതിയാവുകയെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ പോലിസ് വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ച് മരിച്ചയാളുടെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

മലപ്പുറം ചങ്ങരംകുളം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കാളച്ചാലില്‍ വെച്ച് 2017 ഡിസംബര്‍ 31ന് ഉണ്ടായ അപകടത്തില്‍ തോമസ് എം കാപ്പന്‍ എന്ന യുവാവ് മരിച്ചിരുന്നു. ഇതില്‍ പോലിസ് കേസെടുത്തത് മരിച്ച യുവാവായ തോമസ് എം കാപ്പന് എതിരായിട്ടാരുന്നു. സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നു ആവശ്യപ്പെട്ടു പിതാവ് കാഞ്ഞങ്ങാട് സ്വദേശി മാനുവല്‍ തോമസ് കാപ്പന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കഴിഞ്ഞദിവസം കേസ് അന്വേഷിച്ച ചങ്ങരംകുളം എസ്ഐ കെ പി മനേഷിനെ കോടതി വിളിച്ചുവരുത്തിയിരുന്നു. കേസ് ഡയറി പരിശോധിച്ച കോടതി, വാഹനത്തിന്റെ ടയറിന്റെ അടയാളം, മഹസര്‍, കാറിലുണ്ടായിരുന്നവരുടെ മൊഴി എന്നിവയൊന്നും ഇല്ലെന്ന് നിരീക്ഷിച്ചു. ഈ കേസില്‍ സത്യസന്ധമായ അന്വേഷണമല്ല നടന്നിരിക്കുന്നതെന്ന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.

പോലിസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ വന്ന് കള്ളം പറയരുത്. ഇട്ടിരിക്കുന്ന കുപ്പായത്തോട് അവര്‍ നീതി പുലര്‍ത്തണം. ഇത്തരത്തിലുള്ള പ്രവണതകളെ മുളയിലേ നുള്ളേണ്ടതുണ്ട്. കേരളത്തിലെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്നാണ് തന്റെ ഇത്രയും കാലത്തെ അനുഭവം പഠിപ്പിച്ചതെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ ഹാജരായി.