നഴ്‌സുമാരുടെ മിനിമം വേതനം; അന്തിമ വിജ്ഞാപനത്തിന് കോടതിയുടെ സ്റ്റേ

നഴ്സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ ഹൈക്കോടതിയുടെ സ്റ്റേ. ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനത്തിന്റെ കരട് കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയിരുന്നു. അന്തിമ വിജ്ഞാപനം ഈ മാസം 31ന് പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് കോടതി ഇടപെട്ടിരിക്കുന്നത്. വിഷയത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തിയ സമരത്തിന്റെ ഫലമായിട്ടാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്.

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കുറഞ്ഞ വേതനം 20000 രൂപയാക്കണം. ഇതുതന്നെയായിരുന്നു സര്‍ക്കാര്‍ അംഗീകരിച്ചതും. എന്നാല്‍ അന്തിമ വിജ്ഞാപനം വൈകുന്ന ഘട്ടത്തില്‍ ഈ മാസം ആറ് മുതല്‍ അനിശ്ചിത കാല സമരം തുടങ്ങാന്‍ നഴ്സുമാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിന് പദ്ധതിയുണ്ടായിരുന്നു.