സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെ വീല്‍ചെയറിലിരുന്ന് ട്വീറ്റ് ചെയ്തു; നെയ്മര്‍ വിവാദത്തില്‍

ശാരീരിക അവശതകളെതുടര്‍ന്ന് വീല്‍ചെയറിലില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടി വന്നെങ്കിലും, തന്റെ കുറവുകളെ മറികടന്ന് ലോകത്തെ വിസ്മയിപ്പിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള ധാരാളം പേരാണ് അനുശോചനമറിയിച്ചത്.ലോകനേതാക്കളും സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഹോക്കിങ്ങിന് അനുശോചനം രേഖപ്പെടുത്തി വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍

ഹോക്കിങ്ങിനെപ്പോലെ വീല്‍ചെയറിലിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് നെയ്മര്‍ പുലിവാല്‍ പിടിച്ചത്. ‘എപ്പോഴും പോസിറ്റീവായ മനോഭാവമായിരിക്കുക. നിങ്ങള്‍ എതു സാഹചര്യത്തിലാണെങ്കിലും അതില്‍ നിന്ന് മികച്ച നേട്ടങ്ങളുണ്ടാക്കുക’ എന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വാക്കുകള്‍ക്കൊപ്പമായിരുന്നു ചിത്രം നെയ്മര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രത്തിനെതിരെ നിരവധി പേരാണ് പ്രതിക്ഷേധവുമായെത്തിയത്. ജീവിതത്തിന്റെ ഭൂരിഭാഗവും വീല്‍ചെയറില്‍ ജീവിച്ച ഹോക്കിങ്ങിനെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് നെയ്മറിന്റെ ചിത്രമെന്ന് നിരവധി ട്വീറ്റുകള്‍ വന്നു.

പരിക്കിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് നെയമര്‍ വീല്‍ചെയറിലിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതെന്നും ബ്രസീല്‍ താരത്തിന്റെ ആരാധകര്‍ പറയുന്നു. എന്നാല്‍ നെയ്മര്‍ ചെയ്തതിനെ ന്യായീകരിക്കാനാകില്ലെന്നും നെയ്മറിന്റെ ട്വീറ്റ് അനവസരത്തിലുള്ളതാണെന്നും മറുപക്ഷം വാദിക്കുന്നു.

ഫെബ്രുവരി 26ന് മാഴ്സെക്കെതിരായ മത്സരത്തിലാണ് നെയ്മറിന് വലതുകാലിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ ഒരു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.