പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ

ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്‌കത്തിലാണ് സംസ്ഥാനരാഷ്ട്രീയത്തിലെ പ്രമുഖ നേതാവിന്റെ മകനെക്കുറിച്ച് വിവാദമായ പരാമര്‍ശം ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ നിഷാ ജോസ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവേ ട്രെയിനില്‍ വച്ച് പ്രതി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാണ് നിഷ ആരോപിക്കുന്നത്. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. കേരള രാഷ്ട്രീയത്തില്‍ ലൈംഗിക വിവാദത്തില്‍ പെട്ട് ഭരണം നഷ്ടപ്പെട്ട മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ മകന്റെ ഭാര്യയായ നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ സംസ്ഥാന ദേശീയ -രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകും.

സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്ന വിവാദവെളിപ്പെടുത്തലും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. സോളാറിലെയും ബാര്‍ വിഷയത്തിലെയും കഥകള്‍ ചിലര്‍ പൊടിപ്പുംതൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോള്‍ ഒരു ദിവസം വീട്ടില്‍ കെ.എം. മാണി പറഞ്ഞു: പട്ടികള്‍ കുരയ്ക്കും, കുറച്ചു കഴിയുമ്പോള്‍ അവ കുരച്ചു ക്ഷീണിക്കും. എന്നാല്‍ ഈ പട്ടികളുടെ കുര കേള്‍ക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഗര്‍ജിക്കാന്‍ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം.

59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വിഷയങ്ങളിലുമുള്ള സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും നിഷ പറഞ്ഞു.

കെ.എം മാണിക്ക് ശേഷം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ.മാണിയുടെ പേരാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയ്ക്കാണ് വിവാദവെളിപ്പെടുത്തലിലൂടെ നിഷ ലക്ഷ്യം വയ്ക്കുന്നത് എന്ന വിലയിരുത്തലുമുണ്ട്.