എറിഞ്ഞിട്ടത് വിക്കറ്റ് മാത്രമല്ല റെക്കോര്‍ഡും; വാഷിംഗ്ടണ്‍ സുന്ദറിന് അപൂര്‍വ്വ റെക്കോര്‍ഡ്

കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി-20യിലെ ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ കൗമാരതാരം വാഷിംഗ്ടണ്‍ സുന്ദറിന്റെ മാസ്മരിക ബൗളിംഗ് പ്രാധാന പങ്കു വഹിച്ചു. പവര്‍ പ്ലേ ഓവറുകളില്‍ പോലും അധികം റണ്‍സ് വഴങ്ങാതെ പന്തെറിയുന്ന ഈ യുവതാരം ഇന്നലത്തെ മത്സരത്തില്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.

ഈ മികച്ച പ്രകടനത്തിലൂടെ ഒരു റെക്കോര്‍ഡും കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് വാഷിങ്ടണ്‍ സുന്ദര്‍. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് നേടുന്ന ബൗളറാണ് സുന്ദര്‍. 18 വയസും 160 ദിവസവും മാത്രം പ്രായമുള്ള സുന്ദര്‍ 21 വയസും 178 ദിവസവും പ്രായമുള്ളപ്പോള്‍ അക്ഷര്‍ പട്ടേല്‍ നേടിയ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാക്കിയത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ അശ്വിന്റെ പിന്‍ഗാമിയാണ് ഓള്‍റൗണ്ടര്‍ കൂടിയായ വാഷിംഗ്ടണ്‍ സുന്ദര്‍ അറിയപ്പെടുന്നത്. കരിയറിലുടനീളം അശ്വിനെ പിന്തുടരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ബാറ്റ്‌സ്മാനായും പേരെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഈ 18 വയസുകാരനെ ദേശീയ സെലക്ടര്‍മാരുടെ കണ്ണിലെത്തിച്ചത്.

അശ്വിന് ശേഷം സ്പിന്നറായും ടീമിന് ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനായും തന്നെയാണ് ഇന്ത്യന്‍ ടീമില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ സ്ഥാനം. ഇന്ത്യന്‍ ജഴ്‌സിയണിയുന്ന പ്രായം കുറഞ്ഞ ഏഴാം താരമാണ് സുന്ദര്‍. 18 വയസും 69 ദിവസവും പ്രായമുള്ളപ്പോളാണ് സുന്ദര്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇക്കാര്യത്തില്‍ മുന്‍ഗാമിയായ അശ്വിനെ മറികടക്കാന്‍ താരത്തിനായി.