മനുഷ്യക്കടത്ത് നടത്തിയതിന് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം ജയില്‍ ശിക്ഷ ; ഉടനെ ജാമ്യവും
മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത ഇന്‍ഡിപോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ. അതേസമയം ശിക്ഷ വിധിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ കോടതി ഇവര്‍ക്ക് ജാമ്യവും നല്‍കി. പട്യാല ഹൗസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ചേര്‍ന്ന് തങ്ങളുടെ മ്യൂസിക് ട്രൂപ്പിന്റെ ഭാഗമാണെന്ന വ്യാജേന അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് അയച്ചുവെന്നാണ് കേസ്. ഇതിന് ആളുകളില്‍ നിന്ന് ഇരുവരും വന്‍ തുകയും കൈപ്പറ്റിയിരുന്നു.
1998 ലും 99 ലും ഇവര്‍ രണ്ട് സംഘങ്ങള്‍ക്കൊപ്പം പത്ത് പേരെയാണ് അമേരിക്കയിലേക്ക് കടത്തിയത്. ഒരു നടിയുള്‍പ്പെട്ട സംഘത്തിനൊപ്പം മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും നടന്മാരുടെ സംഘത്തിനൊപ്പം ന്യൂ ജേഴ്‌സിയിലേക്ക് ആണ്‍കുട്ടികളേയും എത്തിക്കുകയായിരുന്നു. ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയിലാണ് സഹോദരങ്ങള്‍ക്കെതിരെ പട്യാല പോലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ദലേര്‍ മെഹന്ദിയുടെ ഓഫീസുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. സഹോദരങ്ങള്‍ക്ക് പണം ലഭിച്ചത് അടക്കമുള്ളവയുടെ രേഖകളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാട്യാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 35 പരാതികളാണ് ഇരുവര്‍ക്കുമെതിരെ ലഭിച്ചത്.