അമേരിക്കയില്‍ 100 വര്‍ഷം നിലനില്‍ക്കുമെന്ന് അവകാശപ്പെട്ട നടപ്പാലം തകര്‍ന്നുവീണു; നാലു മരണം

മിയാമി:അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നടപ്പാലം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു.ഫ്‌ലോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലാണു സംഭവം. മേല്‍പ്പാളം തകര്‍ന്നു വീണ് എട്ടോളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റ പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്‌സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നത്. താഴെയുള്ള റോഡില്‍ വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പാലം തകര്‍ന്നുവീണതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതാണു അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. പാലത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

Florida International University Foot Bridge

കഴിഞ്ഞ ഓഗസ്റ്റില്‍ റോഡു മുറിച്ചുകടക്കവെ പതിനെട്ടുകാരിയായ വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്നാണ് 174 അടി നീളമുള്ള പാലം എട്ടു വരി പാതയ്ക്കു മുകളിലൂടെ നിര്‍മിച്ചതെന്ന് യൂണിവേഴ്‌സിറ്റി പറയുന്നു. 14.2 മില്യന്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മിച്ച പാലം കാറ്റഗറി 5ല്‍ പെടുന്ന കൊടുങ്കാറ്റിനെ പോലും തടയാന്‍ കഴിയുന്നതാണെന്നും 100 വര്‍ഷത്തെ ആയുസുണ്ടെന്നുമാണ് വിലയിരുത്തിയിരുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ വസന്തകാലത്തിന്റെ ഭാഗമായുള്ള അവധിയിലാണ്.

Florida International University Foot Bridge