പരീക്ഷ ചോദ്യ പേപ്പറിലും കയറിപ്പറ്റി ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം മഞ്ഞപ്പട
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെക്കാളും ശ്രദ്ധിക്കപ്പെടുന്നത് അവരുടെ ആരാധക കൂട്ടമായ മഞ്ഞപ്പടയാണ്.ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചായാലും എവേ മാച്ചായിലും സ്റ്റേഡിയത്തില്‍ മഞ്ഞപ്പട നിറഞ്ഞിരിക്കും. അതുകൊണ്ടു തന്നെ മഞ്ഞപ്പടയെ മറ്റുള്ള ടീമുകള്‍ അസൂയയോടെയാണ് കാണുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെ ഒമ്പതാം ക്ലാസിലെ സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പറിലെടുത്തിരിക്കുകയാണിപ്പോള്‍. മറ്റൊരു ടീമിന്റെ ആരാധകര്‍ക്കും ലഭിക്കാത്ത അപൂര്‍വ നേട്ടം.
മധ്യപ്രദേശിലെ തണ്ട്ലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഹിമാലയ എജുക്കേഷണല്‍ അക്കാദമിയില്‍ നടന്ന ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് മഞ്ഞയില്‍ കളിക്കൂ എന്ന തലക്കെട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെയും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമത്തിന്റെയും കഥ പറയുന്ന ഖണ്ഡികയെ അധികരിച്ചുള്ള ചോദ്യങ്ങളുള്ളത്. കൊല്‍ക്കത്തയിലെയും കേരളത്തിലെയും ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്നും യെല്ലോ ആര്‍മിയെ മലയാളത്തില്‍ എന്താണ് വിളിക്കുകയെന്നും ചോദ്യമുണ്ട്.
ഐഎസ്എല്ലില്‍ രണ്ടു തവണ ഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. എങ്കിലും ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കാനായി ഗ്യാലറിയിലെത്തുന്ന ആരാധകക്കൂട്ടം ലോക ഫുട്‌ബോളിലെ തന്നെ മികച്ച ആരാധകക്കൂട്ടമായി ശ്രദ്ധ നേടിയിരുന്നു.