തന്‍റെ മകനെ ഇല്ലാതാക്കാനുള്ള മാണിയുടെ ശ്രമമാണ് നിഷയുടെ ആരോപണം എന്ന് പി സി ജോര്‍ജ്ജ്
കോട്ടയം : തന്റെ മകന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ കെ എം മാണിയും മകനും കൂടി നടത്തുന്ന ഗൂഡാലോചനയുടെ ഫലമാണ് ഇപ്പോള്‍ മാണിയുടെ മരുമകള്‍ ഉയര്‍ത്തി വിട്ട ആരോപണം എന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞ് മാണിയും മോനും കൂടി ഉണ്ടാക്കിയ തരംതാണ എടപ്പാടാണ് ഇത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ഇവര്‍ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഈ പുസ്തകവും ഈ വിവാദവും. ഇപ്പോള്‍ ഇത്രയും പറഞ്ഞ് നിര്‍ത്തുന്നു. വരുംദിവസങ്ങളില്‍ ബാക്കി കാണാം. ഏതുവിധേനയും എന്തു വ്യത്തിക്കെട്ട രീതിയിലും തന്നെയും മകനെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്ക് നിഷ കൂട്ടുനില്‍ക്കുകയാണ് എന്നും പി സി പറയുന്നു.
ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ ഒരു എം.പിയുടെ ഭാര്യയെന്ന നിലയില്‍ ഇവര്‍ക്ക് നാണമില്ലേ? . പുസ്തകത്തില്‍ പറയുന്ന സംഭവം നടക്കുന്നത് എട്ടുവര്‍ഷം മുന്‍പാണ്. അന്ന് ഞാനും കെ.എം.മാണിയും ഒരുമിച്ച് സഹകരിക്കുന്ന സമയമാണ്. അന്ന് ജോസ് കെ.മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും തന്റെ മകന്‍ ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്ന് പറഞ്ഞ ഒരാളെ ജനറല്‍ സെക്രട്ടറിയായി പൊക്കിക്കൊണ്ട് നടന്ന ജോസ് കെ.മാണി എന്തൊരു മനുഷ്യനാണ്..? കെ.എം.മാണി എന്തൊരു അച്ഛനാണ് പി സി ചോദിക്കുന്നു. അതേസമയം നിഷ ജോസ് കെ.മാണിയുടെ വെളിപ്പെടുത്തല്‍ ഷോണ്‍ ജോര്‍ജിന് എതിരെയല്ലെന്നും നിഷയുടേത് പുസ്തകം വില്‍ക്കുവാനുള്ള തന്ത്രമാണെന്നും പിന്നീട് ദൃശ്യമാധ്യമങ്ങളോട് ജോര്‍ജ് പ്രതികരിച്ചു. പേരു വെളിപ്പെടുത്തിയില്ലെങ്കില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും പി.സി പറയുന്നു.
നേരത്തെ ”ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ നിഷാ ജോസ് ഗുരുതര ആരോപണം ഉന്നയിച്ചത്. അപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവേ ട്രെയിനില്‍ വച്ച് പ്രതി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാണ് നിഷ ആരോപിക്കുന്നത്. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കിയിരുന്നില്ല.