അവിശ്വാസ പ്രമേയം പരിഗണിച്ചില്ല: ബഹളത്തെത്തുടര്‍ന്ന് ലോക്സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്ക്ദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ചില്ല. തുടര്‍ന്നുണ്ടായ ബഹളത്തെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

സഭ ആരംഭിച്ചപ്പോള്‍ത്തന്നെ തന്നെ ബാങ്ക് തട്ടിപ്പ് സംബന്ധിച്ചും ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ചും ബഹളമുണ്ടായിരുന്നു. ടി.ഡിപി,വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എഐഡിഎംകെ, ആര്‍ജെഡി അംഗങ്ങളാണ് നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. എസ്.പി, ഇടത് അംഗങ്ങളും സീറ്റുകളില്‍ നിന്ന് എണീറ്റ് ബഹളമുണ്ടാക്കി.

ബഹളം തുടര്‍ന്നപ്പോള്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭ 12 മണിവരെ നിര്‍ത്തിവെച്ചു. 12 മണിക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണച്ചിരുന്നു. അതേസമയംപ്രതിപക്ഷ കകക്ഷികളെല്ലാം ഒരുമിച്ച് അവിശ്വാസപ്രമേയത്തെ പിന്തുണച്ചാലും ബിജെപി സര്‍ക്കാരിന് തത്ക്കാലം ഭീഷണിയുണ്ടാകില്ല. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ലോക്‌സഭയില്‍ ബിജെപിക്കുണ്ട്.