തന്ത്രങ്ങളൊന്നും വിലപ്പോയില്ല; തെലുങ്കുദേശം മുന്നണി വിട്ടു; ദുര്‍ബലമായി എന്‍ഡിഎ

ഹൈദരാബാദ്: ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും ടിഡിപിയുടെ തീരുമാനത്തെ പിന്നോട്ട് വലിക്കാനായില്ല. രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചതിനു പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം വിട്ടു. പാര്‍ട്ടി തീരുമാനം ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു.ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ടിഡിപി എന്‍ഡിഎ വിട്ടത്. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഏകകണ്‌ഠേനയാണു തീരുമാനം

അതേസമയം, പാര്‍ലമെന്റില്‍ എതിരാളികളായ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് നരേന്ദ്രമോദി സര്‍ക്കാരിനെതിരേ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തെലുങ്കുദേശത്തില്‍ ഏകദേശധാരണയായിട്ടുണ്ട്. ആന്ധ്രയ്ക്കു നല്‍കിയ പ്രത്യേക സംസ്ഥാനപദവി വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണു വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വരുന്നത്.
ബി.എസ്.പി. അധ്യക്ഷ മായാവതിയെയും എസ്.പി. നേതാവ് മുലായം സിങ് യാദവിനെയും അദ്ദേഹം ബന്ധപ്പെടുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ആന്ധ്ര വിഭജിച്ചപ്പോള്‍ മുന്‍ യുപിഎ സര്‍ക്കാരാണു സംസ്ഥാനത്തിനു പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായതോടെ പ്രത്യേക പദവി അനായാസം നേടിയെടുക്കാമെന്നായിരുന്നു തെലുങ്കുദേശത്തിന്റെ പ്രതീക്ഷ. എന്നാല്‍ വളരെയധികം സമ്മര്‍ദം ചെലുത്തിയിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തയാറായില്ല. ഇതേത്തുടര്‍ന്നാണു സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം. നേരത്തെ കേന്ദ്രബജറ്റില്‍ ആന്ധ്രപ്രദേശിന് ഒന്നും ലഭിക്കാതിരുന്നതും ടിഡിപിയെ പ്രകോപിപ്പിച്ചിരുന്നു.

ശിവസേനയുമായി ഉടക്കി നില്‍ക്കുന്നതും,ഇപ്പോള്‍ ടിഡിപിയുടെ മുന്നണി മാറ്റവും എന്‍ഡിഎയ്ക്ക് ശരിക്കും തലവേദനതന്നെയാണ്.എങ്കിലും കക്ഷികളുടെ കൊഴിഞ്ഞു പോക്ക് കേന്ദ്രസര്‍ക്കാരിന് ഭീഷണിയല്ല.