ബസില്‍ കുട്ടികള്‍ക്ക് നേരേ ചൂരല്‍ പ്രയോഗം നടത്തി ഡ്രൈവര്‍; ചോദ്യം ചെയ്തപ്പോള്‍ ചീത്തവിളി
കൊല്ലം : സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ചൂരല്‍ പ്രയോഗം നടത്തി ബസ് ഡ്രൈവര്‍.കൊല്ലം രാമന്കുളങ്ങരയ്ക്ക് സമീപമാണ് സംഭവം. കുട്ടികളുമായി സ്‌കൂളിലേക്ക് പോയ വാഹനത്തിലെ ഡ്രൈവര്‍ കുട്ടികള്‍ക്ക് നേരേ ചൂരല്‍പ്രയോഗം നടത്തുകയായിരുന്നു. കുട്ടികളെ തല്ലാന്‍ പാടില്ലെന്ന് നിയമം ഉള്ളപ്പോഴാണ് അനുസരണക്കേട് കാട്ടിയെന്ന കാരണം പറഞ്ഞ് ഡ്രൈവര്‍ കുട്ടികളെ ചൂരലെടുത്ത് തല്ലിയത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ രാമന്‍കുളങ്ങരയ്ക്ക് സമീപം ദേശീയപാതയോരത്ത് വാഹനം നിര്‍ത്തിയായിരുന്നു ബസിലെ രണ്ട് കുട്ടികളെ ഡ്രൈവര്‍ തല്ലിയത്. സ്വകാര്യ സ്‌കൂളിലെ പത്തോളം കുട്ടികളായിരുന്നു യൂണിഫോമില്‍ വാഹനത്തിലുണ്ടായിരുന്നത്.
കുട്ടികളെ തല്ലുന്നത് കണ്ട് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോട് കുട്ടികളുടെ രക്ഷിതാക്കള്‍ക്കില്ലാത്ത വിഷമം തനിക്ക് വേണ്ടെന്ന് കയര്‍ക്കുകയും ഫോട്ടോ എടുത്തതിന് ചീത്ത പറയുകയും ചെയ്തു. കെ.എല്‍.02 എം.8670 നമ്പറിലുള്ള വാഹനം കാവനാട് കുരീപ്പുഴ ഷമീറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ആര്‍.ടി.ഒ. തുളസീധരന്‍ പിള്ള അറിയിച്ചു. കുട്ടികളെ വടി ഉപയോഗിച്ച് തല്ലിയതിന് ജില്ലാ ചൈല്‍ഡ് ലൈന്‍ കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.