ആരാകും കലിപ്പടക്കി കപ്പടിക്കുക;ഐഎസ്എല്‍ നാലാം ഫൈനലില്‍ ബെംഗളൂരു – ചെന്നൈ പോരാട്ടം ഇന്ന്
ഇന്നറിയാം ഇന്ത്യന്‍ ഫുട്ബോളിലെ കിരീടാവകാശികളാരെന്ന് ഇന്നറിയാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം ഫൈനല്‍ ബംഗളൂരിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതും ഒരു തകര്‍പ്പന്‍ ഫൈനല്‍ മാച്ച് തന്നെയാവും.
ചെന്നൈയും ബംഗളൂരും തമ്മില്‍ ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ കിരീടം ആര് കൊണ്ടുപോകുമെന്നത് അപ്രവചനീയം. സൂപ്പര്‍താരം സുനില്‍ ഛേത്രി നയിക്കുന്ന ബംഗളൂരു തകര്‍പ്പന്‍ ഫോമിലാണ്. മറുവശത്ത് ചെന്നൈ ഇന്നിറങ്ങുക ഐ എസ് എല്‍ കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ബംഗളൂരുവിന്റെ മുന്നേറ്റങ്ങളെ ചെന്നൈ എങ്ങനെ പ്രതിരോധിക്കും എന്നതനുസരിച്ചായിരിക്കും കളിയുടെ ഗതി.
എന്നാല്‍ ജെജെ നയിക്കുന്ന ചെന്നൈ മുന്നേറ്റനിര ബംഗളൂരുവിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ജെജെയെ കൂടാതെ, ധന്പാല് ഗണേശ്,റഫായേല്‍,ഗ്രിഗറി നെല്‍സണ്‍ എന്നിവരും ഗോളടിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. പക്ഷെ മറുവശത്ത് ബംഗളൂരുവിലെ ഏഴയതി തല്ലാന്‍ കഴിയില്ല. ഛേത്രി-മിക്കു സൈന്യത്തെ തളയ്ക്കുക എന്നത് ചെന്നൈയ്ക്ക് കടുപ്പമേറിയ ജോലിയായിരിക്കും. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങാതിരിക്കാനാകും ഇരു ടീമുകളും ശ്രമിക്കുക.
ഇതിനു മുമ്പ് ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി. ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വന്ന ടീം ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ലീഗില്‍ ഒന്നാമതെത്തുന്ന ടീം ഇതുവരെ കപ്പുയര്‍ത്തിയിട്ടില്ല.