പാര്‍വതിയുടെ മുന്‍പില്‍ ഇന്ദ്രന്‍സിനെ ചെറുതാക്കി സിനിമാ മംഗളം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നടന്‍ ഇന്ദ്രന്‍സിനായിരുന്നു. കോമഡി വേഷങ്ങളും സഹകഥാപാത്രങ്ങളും ചെയ്തു വന്ന ഇന്ദ്രന്‍സിനു ലഭിച്ച അംഗീകാരം എല്ലാവരും കയ്യടിച്ചാണ് സ്വീകരിച്ചത്. നടന്‍റെ ആഡംബരം നോക്കാതെ കഴിവ് കണ്ടെത്തി അതിനു അവാര്‍ഡ് നല്‍കിയ ജൂറിക്കും ഏറെ പ്രശംസ ലഭിച്ചിരുന്നു. മികച്ച നടിയായി പാര്‍വതിയെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ മലയാളികള്‍ക്ക് ഉണ്ടായ സന്തോഷം പല ചാനല്‍ മുതലാളിമാര്‍ക്കും സിനിമാ പത്രം മാസികക്കാര്‍ക്കും ഉണ്ടായില്ല എന്നതാണ് സത്യം. കാരണം ഒന്നില്‍ പോലും ഇന്ദ്രന്‍സിന്റെ നല്ല ഒരു അഭിമുഖമോ ചിത്രമോ അച്ചടിച്ചു വന്നില്ല.

അതൊക്കെ പോട്ടെ എന്ന് വെക്കാം സിനിമാ വാരികയായ സിനിമാ മംഗളം അതില്‍ ഒരു പടി കൂടി കടന്നു മികച്ച നടനായ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലായി അവാര്‍ഡ് വാര്‍ത്ത‍ നല്‍കിയത്. തങ്ങളുടെ പുതിയ ലക്കത്തിന്‍റെ മുഖചിത്രത്തിലാണ് ഇവര്‍ ഈ പാതകം ചെയ്തത്. കവര്‍ പേജില്‍ പാര്‍വ്വതിയുടെ ചിത്രം ഫുള്‍ പേജ് ആയി നല്‍കിയ അവര്‍ ഇന്ദ്രന്‍സിനെ ഒരു വശത്ത് സ്റ്റാമ്പ്‌ സൈസില്‍ ഒതുക്കി. എന്നാല്‍ ഇതിനു നല്ല മറുപടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ നല്‍കുന്നത്. സിനിമാ മംഗളത്തിനെ ട്രോളിക്കൊണ്ട് ധാരാളം പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അല്ലെങ്കിലും മാസികകളും വാരികകളും വിറ്റു പോകണം എങ്കില്‍ മുന്‍പില്‍ പെണ്ണിന്റെ പടം തന്നെ വേണമെന്ന് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. ഒരു മാസികയില്‍ വന്ന മുലപ്പാല്‍ വിഷയം മലയാളികള്‍ എല്ലാം കണ്ടതാണ്.