ക്ലോക്ക് ബോയ് അഹമ്മദ് മൊഹമ്മദിന്റെ നഷ്ടപരിഹാര കേസ് തള്ളി
പി. പി. ചെറിയാന്
ഇര്‍വിങ്(ഡാലസ്): വീട്ടില്‍ നിര്‍മ്മിച്ച ക്ലോക്ക് സഹപാഠികളേയും അധ്യാപകരേയും കാണിക്കുന്നതിന് ക്ലാസില്‍ കൊണ്ടുവന്നത് ബോംബാണെന്നു തെറ്റിദ്ധരിച്ച് അഹമ്മദ് മൊഹമ്മദ് എന്ന പതിനാലുകാരനെ വിലങ്ങുവെച്ചു പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് ഡിസ്ട്രിക്റ്റ് ജ!ഡ്ജി മാര്‍ച്ച് 13 ചൊവ്വാഴ്ച യാതൊരു നടപടിയും സ്വീകരിക്കാതെ തള്ളി. 15 മില്യന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ലൊ സ്യൂട്ട്.
ഇര്‍വിങ്ങ് മെക്കാര്‍തര്‍ ഹൈസ്കൂളില്‍ നിന്നും 2015 സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥിയെ കൈവിലങ്ങണിയിച്ചു പൊലീസ് പിടിച്ചു കൊണ്ടു പോയത് സിവില്‍ റൈറ്റ്സ് ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു 2016 ഓഗസ്റ്റില്‍ പിതാവ് ഫയല്‍ ചെയ്ത കേസാണ് തള്ളിയത്
പരാതിക്കാരന് ഉന്നയിച്ച എല്ലാ വാദഗതികളും തള്ളിക്കളയുന്നതായി ജഡ്ജി സാം ലിണ്ട്സി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ ഉത്തരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഇര്‍വിങ് സിറ്റി അധികൃതര്‍ മാര്‍ച്ച് 14 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇര്‍വിങ് പൗരന്മാരുടേയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും അധികൃതര്‍ പറഞ്ഞു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഈ വിദ്യാര്‍ത്ഥിയെ ഒബാമ വൈറ്റ് ഹൗസില്‍ വിളിച്ചു വരുത്തി ആശ്വസിപ്പിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
അഹമ്മദിന്റെ അറ്റോര്‍ണി ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല.