നവയുഗത്തിന്റെയും എംബസ്സിയുടെയും സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്കും നടത്തിയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍, രണ്ടു ഇന്ത്യന്‍ വനിതകള്‍ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാമില്‍ ഗദ്ദാമയായി (ഹൌസ്‌മൈഡ്) ജോലി ചെയ്തിരുന്ന തെലുങ്കാന ഹൈദരാബാദ് സ്വദേശിനി അസ്മ ബീഗം, ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനി മങ്കമ്മ പൊങ്കാനി എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ഒന്നരവര്‍ഷം മുന്‍പാണ് അസ്മ ബീഗം സൗദിയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിയ്ക്കെത്തിയത്. ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ആ വലിയ വീട്ടിലെ എല്ലാ പണിയും കൃത്യമായി ചെയ്തിരുന്ന അവര്‍ക്ക്, ശമ്പളം വല്ലപ്പോഴുമേ കിട്ടിയുള്ളൂ. ഏഴു മാസത്തെ ശമ്പളം കുടിശ്ശികയായി മാറിയതോടെ, അവര്‍ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

മങ്കമ്മ പൊങ്കാനി ഒരു വര്‍ഷത്തിന് മുന്‍പാണ് സൗദിയില്‍ ജോലിയ്ക്കെത്തിയത്. വളരെ മോശം ജോലി സാഹചര്യങ്ങളും, ശമ്പളം കൃത്യമായി കിട്ടാത്തതും കാരണം, ആ വീട്ടില്‍ നിന്നും ഒളിച്ചോടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിയ്ക്കുകയായിരുന്നു. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് രണ്ടുപേരും സ്വന്തം അനുഭവം വിവരിച്ച്, എങ്ങനെയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരും ഇവരുടെ സ്‌പോണ്‍സറെ നിരന്തരമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവര്‍ സഹകരിയ്ക്കാന്‍ തയ്യാറാകാതെ കൈയൊഴിഞ്ഞു.

തുടര്‍ന്ന് മഞ്ജു രണ്ടുപേര്‍ക്കും ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും, എടുത്തു കൊടുത്തു. ഇന്ത്യന്‍എംബസ്സി ഹെല്‍പ്ഡെസ്‌ക്ക് തലവന്‍ മിര്‍സ ബൈഗ് രണ്ടു പേര്‍ക്കും വിമാനടിക്കറ്റ് നല്‍കി.

സഹായിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞു രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.