ഖുര്‍ആനിലെ മര്‍യം പുസ്തകപ്രകാശനം
സ്റ്റാന്‍ലി ജോസ്
റിയാദ് പ്രവാസി സമൂഹത്തില്‍ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. പി അബ്ദുല്ലത്തീഫ് ഓമശ്ശേരി രചിച്ച ‘ഖുര്‍ആനിലെ മര്‍യം’ എന്ന് പുസ്തകം റിയാദില്‍ പ്രൗഡമായ സദസ്സിനെ സാക്ഷിയാക്കി പ്രശസ്ത ഇന്റര്‍നാഷണല്‍ എന്‍. എല്‍. പി ട്രൈനര്‍ ഡോ.പോള്‍ തോമസ് പ്രകാശനം ചെയ്തു. പുസ്തകം വായിക്കുന്നവര്‍ പകുതി മനുഷ്യനും എഴുതിയവന്‍ പൂര്‍ണമനുഷ്യനുമാണെന്ന് റോജര്‍ ബേക്കണിനെ ഉദ്ധരിച്ച് അദ്ദേഹം പ്രകാശന ഭാഷണം നിര്‍വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും നോര്‍ക്ക കണ്‍സള്‍ട്ടന്റുമായ ശിഹാബ് കൊട്ടുകാട് പുസ്തകം ഏറ്റുവാങ്ങി.
വിശ്വാസികളുടെ ഉത്തമ മാതൃകയെന്ന് വേദഗ്രന്ഥം വിശേഷിപ്പിച്ച വിശുദ്ധ മാതാവ് മറിയത്തിനെയും കുടുംബത്തെയും പൊതുസമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഖുര്‍ആനിലെ പത്തൊമ്പതാം അദ്ധ്യായം ആസ്പദമാക്കി ഗ്രന്ഥ രചന നടത്തിയത്. ആധുനിക സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കുടുംബജീവിതത്തിലെ ഹൃദ്യതയുടെയും, ജീവിത വിശുദ്ധിയുടെയും വ്യകതിത്വ വളര്‍ച്ചയുടെയും അദ്ധ്യാപനങ്ങളില്‍ ഊന്നല്‍ നല്‍കുന്നതും ബൈബിള്‍ ഖുര്‍ആന്‍ സമന്വയത്തിന്റെയും രണ്ട് ചിന്താധാരകളുടെ കൊടുക്കല്‍ വാങ്ങലിന്റെയും മേഖല ചൂണ്ടിക്കാണിക്കുന്നതുമാണ് പുസ്തകമെന്ന് ഗ്രന്ഥ കര്‍ത്താവ് സമര്‍പ്പണ പ്രസംഗത്തില്‍ വ്യക്തമാക്കി. കേവലം ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ഒരു രചനക്കപ്പുറം സര്‍വമനുഷ്യരും ആഗ്രഹിക്കുന്ന വിശുദ്ധിയും മതാതീതമായ ആത്മീയതയുടെ പാഠവുംകൂടിയാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. മര്‍യം സൂറയുടെ സംഗീതാത്മക താളവും ചരിത്രപാഠങ്ങളും വായനക്കാരനെ സ്വാധീനിക്കേണ്ടതാണ്. മര്‍യം എന്ന മഹത് വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നതിലൂടെ രചയിതാവ് വ്യത്യസ്ത വിശ്വാസങ്ങളുടെ കൊടുക്കല്‍ വാങ്ങലിന്റെ സര്‍ഗാത്മക ഇടപെടലാണ് നടത്തിയിരിക്കുന്നതെന്നു ആശംസ നേര്‍ന്നവര്‍ അഭിപ്രായപ്പെട്ടു.
ജയന്‍ കൊടുങ്ങല്ലൂര്‍, ഹരി കൃഷ്ണന്‍, കോശി മാത്യു, സ്റ്റാന്‍ലി ജോസ്, അമീര്‍ കോയ്വിള, നിഖില തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. അഹ്മദ് ശരീഫ് സ്വാഗതവും ലബീബ് മാറഞ്ചേരി നന്ദിയും പറഞ്ഞു. നിസാര്‍ വാണിയമ്പലം, സലീം കൊച്ചി, അഹ്ഫാന്‍, ഷമീ4 എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. റിയാദിലെ പ്രശസ്ത പുസ്തക പ്രസാധകരായ ദാറുല്‍ഫാലിഹീന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.