ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍; മല്‍സരം നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍
കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിലെത്തുന്നു. കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു തീരുമാനം. നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മല്‍സരം നടക്കുക എന്നത് കേരളത്തിന് ഇരട്ടി മധുരമായി.എന്നാല്‍ ആ സമയത് ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ഉണ്ടുതാനും. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള സാധ്യതകളാണു സംഘാടകര്‍ തേടിയത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും മല്‍സരത്തിനായി പരിഗണിച്ചിരുന്നു.
ജിസിഡിഎ സമ്മതം അറിയിച്ചതോടെ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി ഒരുക്കുകയെന്നത് കെസിഎയുടെ മുന്നിലുള്ള മുഖ്യ വെല്ലുവിളിയായി മാറി. അണ്ടര്‍ 17 ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയപ്പോള്‍ ക്രിക്കറ്റ് പിച്ചും ഇളക്കി മാറ്റിയിരുന്നു. ഇനി ക്രിക്കറ്റിനായി അഞ്ച് പുതിയ വിക്കറ്റുകളെങ്കിലും നിര്‍മിക്കണം. പുതിയ വിക്കറ്റ് നിര്‍മിക്കാന്‍ രണ്ടാഴ്ചത്തെ സമയം മതിയെന്നും മേയില്‍ വിക്കറ്റിട്ടാല്‍ മഴക്കാലത്ത് ഉറച്ച് ഓഗസ്റ്റോടെ മികച്ച പിച്ച് രൂപപ്പെടുത്താനാവുമെന്നുമാണ് കെസിഎ ക്യുറേറ്റര്‍മാരുടെ നിലപാട്. പരിശീലന വിക്കറ്റുകള്‍ സ്റ്റേഡിയത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്.