ലിംഗായത്തുകള്‍ പ്രത്യേക മതം, പ്രഖ്യാപനം കേന്ദ്രത്തിന് വിട്ടു കര്‍ണ്ണാടക ; വെട്ടിലായി ബി ജെ പി
ബംഗളൂര്‍ : ഇലക്ഷന് മുന്‍പ് കര്‍ണ്ണാടകയില്‍ ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ് നേതൃത്വം. നിലവില്‍ ഹിന്ദുവിഭാഗമായ ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കണമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ലിംഗായത്ത് വിഭാഗവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദേശവുമായി സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്.
ഇനിയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിസഭാ യോഗത്തിനു ശേഷം ജലവിഭവ മന്ത്രിയും ലിംഗായത്ത് നേതാവുമായ എംബി പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ഞങ്ങളുടെ പോരാട്ടത്തിന് യുക്തിപരമായ അവസാനം ആയിരിക്കുകയാണ്. ലിംഗായത്തുകള്‍ ഹിന്ദുക്കളല്ലെന്നായിരുന്നു ഞങ്ങളുടെ എല്ലാകാലത്തെയും നിലപാട്. കേന്ദ്രം ഞങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് കരുതുന്നു’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണയുടെ അനുയായികളാണ് ലിംഗായത്തുകള്‍.
ലിംഗായത്ത് വിഭാഗത്തെ വ്യത്യസ്ത മതവിഭാഗമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന ജസ്റ്റിസ് നാഗമോഹന്‍ദാസ് കമ്മറ്റിയുടെ ശുപാര്‍ശയ്ക്ക അംഗീകാരം നല്‍കാനാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിനൊരുങ്ങവെ ഇത്തരത്തിലൊരു തീരുമാനം ബിജെപിക്ക് വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. അതേസമയം ലിംഗായത്ത് വിഭാഗത്തെ സ്വതന്ത്ര മതമായി ആര്‍എസ്എസ് ഇതുവരെ പരിഗണിച്ചിട്ടില്ല. ഹിന്ദുവിഭാഗത്തെ ഈ തീരുമാനം ഭിന്നിപ്പിക്കുമെന്നാണ് ഇതിനു ആര്‍എസ് എസ് നിരത്തുന്ന ന്യായം.
ഇത് ഇലക്ഷന്‍ കാലത്തെ പ്രീണനതന്ത്രമാണെന്നും കോണ്‍ഗ്രസ്സ് സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും ബിജെപി വക്താവ് എസ് പ്രകാശ് ആരോപിച്ചു. കര്‍ണാടകയിലെ ബിജെപിയുടെ നട്ടെല്ലാണ് ലിംഗായത്ത് വിഭാഗം. അവരുടെ മുന്‍ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ തന്നെ ലിംഗായത്ത് നേതാവായിരുന്നു. സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 16% വരും ലിംഗായത്തുകള്‍. ഇപ്പോള്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയാണെങ്കില്‍ അത് വലിയ തിരിച്ചടിയാവും. എന്നാല്‍ അനുകൂലിച്ചാല്‍ ആര്‍എസ്എസിന് അതിഷ്ടപ്പെടില്ല. വിഷയം ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്നാണ് യെദിയൂരപ്പയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.