ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് സ്പീക്കര്‍; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യത്തിലൂന്നി മോദി സര്‍ക്കാറിനെതിരെ ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുഗുദേശം പാര്‍ട്ടിയും കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരിഗണനക്കാനിരിക്കെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ 12 മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരാണ് ആദ്യം നടുത്തളത്തില്‍ ഇറങ്ങിയത്. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസില്‍ വോട്ടെടുപ്പ് നടക്കില്ലെന്നും അംഗങ്ങള്‍ ശാന്തരാകണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

രാജ്യസഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വെച്ചു. പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.